എം.എ സുധീർ ബാബു, പട്ടാമ്പി, അഗ്രികൾച്ചറൽ ജേർണലിസ്റ്റ്

നമ്മുടെ നാടിൻ്റെ അഭിമാനവിളയായ തെങ്ങിൽ നിന്നും കനത്ത വിളവ് കിട്ടണമെങ്കിൽ, വിത്ത് തേങ്ങ മുതൽ നല്ല ശ്രദ്ധ കൊടുക്കണം. “വിത്തിൽ പിഴച്ചാൽ പത്തിലും പിഴക്കും” എന്ന ചൊല്ല് തന്നെ ഉണ്ടല്ലോ. തെങ്ങ് കൃഷി തുടങ്ങുന്നവർ തൈ നടാനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് പോലും നന്നായി ശ്രദ്ധിക്കണം.
കിളച്ചിളക്കുമ്പോൾ ഒന്നര മീറ്റർ ആഴം വരെ നല്ല ഇളക്കമുള്ള നീർവാർച്ചയുള്ള മണ്ണാണ് എപ്പോഴും നല്ലത്. വലിയ കറുത്ത പാറയുള്ള ആഴം കുറഞ്ഞ മണ്ണ് തെങ്ങു നടാൻ കൊള്ളില്ല.

ശരിയായ നീർ വാർച്ചയില്ലാത്ത, വെള്ളം കെട്ടിനിൽക്കുന്ന താഴ്ന്ന നിലങ്ങളിൽ തൈ നടരുത്. നല്ല വിത്ത് തേങ്ങ നല്ല ലക്ഷണമൊത്ത അമ്മ തെങ്ങുകളിൽ നിന്ന് മാത്രമേ ശേഖരിക്കാവൂ.
നല്ല അമ്മ തെങ്ങു കൾക്ക് 20 വർഷമോ അതിലേറെ യോ വയസുണ്ടായിരിക്കണം. കൊല്ലത്തിൽ സ്ഥിരമായി 80 തേങ്ങയിൽ കുറയാതെ വിളവ് കിട്ടുന്ന തെ ങ്ങായിരിക്കണം. അമ്മ തെങ്ങിൽ നല്ല കരുത്തോട് കൂടിയ പന്ത്രണ്ടു കുലകളെങ്കിലും ഉണ്ടാവണം.
അമ്മ തെങ്ങിൽ നീളം കുറഞ്ഞ ഓല കാലുകളും, നല്ല ബലമുള്ള മടലുകളുമുള്ള മുപ്പതിൽ കൂടുതൽ നന്നായി വിടർന്ന ഓലകൾ ഉണ്ടായിരിക്കണം. തേങ്ങകൾക്ക് ഇടത്തരം വലിപ്പവും ദീർഘ വൃത്തകാരവുമായിരിക്കണം. പൊതിച്ച തേങ്ങകൾക്ക് 600 ഗ്രാമിൽ കുറയാതെ തൂക്കം വേണം.
ഓരോ തേങ്ങയിലും 150ഗ്രാം കൊപ്ര തൂക്കം ഉണ്ടായിരിക്കണം. നന്നായി വളക്കൂറുള്ള, നല്ല വെള്ള ലഭ്യതയുള്ള സ്ഥലത്തു അനുകൂല സാഹചര്യത്തിൽ വളരുന്ന തെങ്ങിൽ നിന്നല്ല വിത്ത് തേങ്ങ ശേഖരിക്കേണ്ടത്.

സാമാന്യം നന്നായി പ്രതികൂല സാഹചര്യത്തിൽ നിന്ന് പോലും മികച്ച വിളവ് തരുന്ന തെങ്ങിൽ നിന്നാണ് തേങ്ങ എടുക്കേണ്ടത്. ഡിസംബർ മുതൽ മെയ് മാസം വരെയാണ് വിത്ത് തേങ്ങ ശേഖരിച്ചു നടേണ്ടത്. നന്നായി വിളഞ്ഞതും പതിനൊന്നു മാസത്തിലേറെ മൂപ്പുള്ളതുമായ തേങ്ങകളാണ് എടുക്കേണ്ടത്. വിത്ത് തേങ്ങകുലകൾ, നല്ല ബലമുള്ള കയറിൽ കെട്ടി താഴെയിറക്കണം.
വലിപ്പമില്ലാത്ത, തൂക്കമില്ലാത്ത, എന്തെങ്കിലും കേടുപാടുള്ള തേങ്ങകൾ വിത്തിനായിട്ടെടുക്കരുത്. വിത്ത് തേങ്ങ, മുള പ്പിക്കുന്നതിനു മുൻപ് രണ്ടു മാസമെങ്കിലും തണലിൽ സൂക്ഷിക്കണം. വിത്ത് തേങ്ങ സൂക്ഷിക്കുന്ന ഭാഗത്തു, എട്ടു സെന്റി മീറ്റർ കനത്തിൽ മണൽ വിരിച്ചു അതിൽ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവും വിധം നിരത്തി വെച്ചു മണലിട്ട് മൂടണം. ഒന്നിന് മുകളിൽ ഒന്നെന്ന ക്രമത്തിൽ അഞ്ചടുക്കു വിത്ത് തേങ്ങ വരെ ഇങ്ങനെ സംഭരിക്കാം. ഇനി വിത്ത് തേങ്ങ നടുന്നതിനുള്ള നഴ്സറി ഉണ്ടാക്കണം.
നല്ല വായു സഞ്ചാരവും, നീർ വാർച്ചയും, വളക്കൂറും, നനയും ഉള്ള സ്ഥലമാണ് ഉത്തമം. തുറസ്സായ സ്ഥലമാണെങ്കിൽ വെയിൽ കുറക്കാൻ തണൽ കൊടുക്കണം.
ഒന്നര മീറ്റർ വീതിയും ആവശ്യത്തിന് നീളവും വരുന്ന വാരങ്ങൾ ഉണ്ടാക്കണം. രണ്ടു വാരങ്ങൾ തമ്മിൽ മുക്കാൽ സെന്റി മീറ്റർ ഇട അകലം കൊടുക്കണം. വെള്ളം കെട്ടി നിൽക്കാൻ ഇടയുള്ള ഭാഗത്ത് ഉയർന്ന വാരങ്ങളിൽ വിത്ത് നടണം.
കാലവർഷ ആരംഭത്തിൽ മെയ് ജൂണിൽ വിത്ത് തേങ്ങകൾ പാകണം. ചിതൽ ആക്രമണം തടയാനും, അഴുകൽ തടയാനും, മരുന്ന് തളിക്കണം. രണ്ടു വരികൾ തമ്മിലും വരികളിലെ രണ്ടു തേങ്ങകൾ തമ്മിലും മുപ്പതു സെന്റി മീറ്റർ അകലത്തിലായി നടണം. 25 മുതൽ 30 സെന്റി മീറ്റർ ആഴമുള്ള ചാലുകളിൽ നട്ട് വിത്ത് തേങ്ങയുടെ മേൽ ഭാഗം മാത്രം പുറമെ കാണുന്ന വിധം മണ്ണിട്ടു മൂടണം.

വീതി കൂടിയ വശം മുകളിൽ വരത്തക്ക വിധം കിടത്തിയോ ഞെട്ട് ഭാഗം മുകളിൽ വരാൻ കുത്തനെയോ വിത്ത് തേങ്ങ പാകണം. കുത്തനെ നടുമ്പോൾ മുളച്ചു വന്ന തെങ്ങിൻ തൈകൾ, പെട്ടെന്ന് പിഴുതു നീക്കാനും, കൊണ്ടു പോകാനും സഹായിക്കും. വിത്ത് തേങ്ങ പാകിയ നഴ്സറി, നന്നായി പരിപാലിക്കണം. മണൽ ഭാഗമാണെങ്കിൽ വേനലിൽ രണ്ടു ദിവസത്തിൽ ഒരിക്കൽ നനക്കണം. ഒരു ശതമാനം വീര്യം വരുന്ന ബോർഡോമിക്സ്ചർ തളിക്കണം. മുളച്ചു വന്നതിൽ നിന്നും നല്ല ലക്ഷണമൊത്ത തെങ്ങിൻ തൈകൾ മാത്രമേ നടാനായി എടുക്കാവൂ.
നഴ്സറിയിൽ പാകി ആറു മാസത്തിനകം മുളക്കാത്തതും കേടായതുമായ തേങ്ങകൾ നീക്കണം. 9 മുതൽ 12 മാസം വരെ പ്രായമായ തൈകൾ നടാനായിട്ടെടുക്കാം. ഒരു വർഷം പ്രായമായ തൈകൾക്ക് ആറു മുതൽ എട്ടു വരെ ഓലകൾ ഉണ്ടാവണം. ഒമ്പത് മാസം പ്രായമായ തൈകൾക്ക് നാല് ഓലയെങ്കിലും ഉണ്ടാവണം. തെങ്ങിൻ തയ്യുടെ കണ്ണാടി കനം പത്തു പന്ത്രണ്ടു സെന്റി മീറ്റർ ഉണ്ടായിരിക്കണം. ഓല കാലുകൾ നേരത്തെ തന്നെ വിടർന്ന തൈകൾ എടുക്കണം.
നല്ല കരുത്തുള്ള തൈകൾ മാത്രമേ നടാനായി എടുക്കാവൂ. സർക്കാർ അംഗീകൃതമായിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും. കേരള കാർഷിക സർവ്വകലാശാല, കൃഷി വകുപ്പ് ഫാമുകൾ, കേന്ദ്ര തോട്ട വിള ഗവേഷണകേന്ദ്രം, നാളികേരവികസന ബോർഡ് അംഗീകൃത നഴ്സറികൾ എന്നിവിടങ്ങളിൽ നിന്നും നല്ല തെങ്ങിൻ തൈകൾ വാങ്ങണം. ഗുണമേന്മ ഉറപ്പാക്കി മാത്രമേ തൈകൾ നടാവൂ. അല്ലെങ്കിൽ തെങ്ങുകൾ കായ്ച്ചു തുടങ്ങുമ്പോൾ വിചാരിച്ച വിളവ് കിട്ടില്ല.




