Kerala News

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇയർബുക്ക് ഗവർണർ പ്രകാശനം ചെയ്തു

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2025 ലെ ഇയർബുക്കും 2024 ലെ വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കലിന്റെ അവലോകന റിപ്പോർട്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഗൈഡും രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ഗവർണർക്ക് കൈമാറി.

 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപകദിനാഘോഷവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ സെക്രട്ടറി പ്രകാശ് ബി.എസും കമ്മീഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. 1993 ഡിസംബർ മൂന്നിനാണ് കമ്മീഷൻ നിലവിൽ വന്നത്.

 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉത്തരവുകൾ, മുൻവർഷങ്ങളിലെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പുകളുടെ സ്ഥിതിവിവരകണക്കുകൾ, നിലവിലെ തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ പട്ടിക, തദ്ദേശസ്ഥാപന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച കോടതി ഉത്തരവുകൾ തുടങ്ങിയ വിവരങ്ങളാണ് ഇയർബുക്കിലെ ഉള്ളടക്കം.

 2024 ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിന്റെ വിശദാംശങ്ങളാണ് അവലോകന റിപ്പോർട്ടിൽ ഉള്ളത്.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോളിംഗ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ തുടങ്ങി തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രയോജനപ്രദമാകുന്ന കൈപ്പുസ്തകമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസദ്ധീകരിച്ച തിരഞ്ഞെടുപ്പ് ഗൈഡ്. ഇവയുടെ പൂർണ രൂപം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in   വെബ്‌സൈറ്റിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *