തൃശൂര്‍: പ്രശസ്ത സംഗീതജ്ഞരും സാംസ്‌കാരിക നായകരും സംഗീതപ്രേമികളും നിറഞ്ഞ സദസില്‍ റഫി ഗാനങ്ങളും ‘റഫിജോസ്’ സ്മൃതികളും ഒഴുകി. കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ ‘പ്രേമപത്ര്’ റഫി സംഗീതനിശയോടെ ‘സ്നേഹഗായകന്‍’ പുസ്തകം പ്രകാശിതമായി. അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി, റഫി ഗായകനായിരുന്ന പി.കെ. ജോസ് സ്മൃതി എന്നിവയോടനുബന്ധിച്ചാണ് ഈ പരിപാടികള്‍ അരങ്ങേറിയത്. റഫി ഗാനങ്ങള്‍ ആലപിച്ച് ആറര പതിറ്റാണ്ടിലേറെ ഗാനമേളാ സദസുകളെ കോരിത്തരിപ്പിച്ച തൃശൂര്‍ ജോസ് എന്ന പി.കെ. ജോസ് കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. അദ്ദേഹത്തിനു തൃശൂര്‍ പൗരാവലി നല്‍കുന്ന സ്നേഹാദരമാണ് ‘സ്നേഹഗായകന്‍’ പുസ്തകവും റഫി സംഗീതനിശയുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നിയമസഭാ മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു. വീണവിദ്വാന്‍ എ. അനന്തപത്മനാഭന് ആദ്യ കോപ്പി നല്‍കി തേറമ്പില്‍ രാമകൃഷ്ണന്‍ പുസ്തകം പ്രകാശനം ചെയ്തു. പ്രശസ്ത സംഗീതജ്ഞരും എഴുത്തുകാരും അടക്കം 94 പ്രഗല്‍ഭരുടെ രചനകളുള്ള ‘സ്നേഹഗായകന്‍’ എന്ന ഗ്രന്ഥം സംഗീത ചരിത്ര ഗ്രന്ഥം കൂടിയാണ്.
മുതിര്‍ന്ന സംഗീതജ്ഞരായ പുത്തൂര്‍ രാജന്‍, രാപ്പാള്‍ സുകുമാര മേനോന്‍, കെ. ജേക്കബ് ഡേവിഡ്, ജോണ്‍ കൊക്കന്‍, തൃശൂര്‍ പത്മനാഭന്‍, അക്ബര്‍ ഷാ എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍, മോഹന്‍ സിതാര എന്നിവരാണ് ആദരമേകിയത്. പി.കെ. ജോസ് സ്മൃതി സമിതി ചെയര്‍മാന്‍ സി.ഡി. ഫ്രാന്‍സിസ് അധ്യക്ഷനായി. സംഗീതജ്ഞന്‍ പി.കെ. ജോണ്‍സണ്‍, പുസ്തകത്തിന്റെ എഡിറ്റര്‍ ഫ്രാങ്കോ ലൂയിസ് എന്നിവരെ ആദരിച്ചു. പ്രഫ. പോള്‍സണ്‍ ചാലിശേരി, എം.ആര്‍. റിസണ്‍, ജനറല്‍ കണ്‍വീനര്‍ പി.എം.എം. ഷെരീഫ്, വൈസ് ചെയര്‍മാന്‍ ഡേവിസ് കണ്ണമ്പുഴ, ഫ്രാങ്കോ ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു. പ്രകാശ് ബാബു- അഷിത ദമ്പതികളും പ്രദീപ് സോമസുന്ദരനും നയിച്ച റഫി സംഗീത നിശയില്‍ പ്രശസ്ത സംഗീതജ്ഞരാണു സംഗീതോപകരണങ്ങള്‍ വായിച്ചത്. സംഗീതജ്ഞരുടേയും വിവിധ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളുടേയും കൂട്ടായ്മയായ പി.കെ. ജോസ് സ്മൃതി സമിതിയുടെ നേതൃത്വത്തിലാണു പരിപാടികള്‍ സംഘടിപ്പിച്ചത്.