കൂച്ച് ബിഹാർ: ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിൽ പ്രവേശിച്ച മുസ്ലിം കുടിയേറ്റക്കാരെ ഓരോരുത്തരെയായി കണ്ടെത്തി തിരിച്ചയക്കാൻ പൊലീസിന് നിർദേശം നൽകി മുഖ്യമന്ത്രി സുവേന്ദു അധികാരി. അതേസമയം, അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യുന്ന ഹിന്ദുക്കളെ അഭയാർത്ഥികളായി കണ്ട് സംരക്ഷണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ് മേളയോടനുബന്ധിച്ച് കൂച്ച് ബിഹാറിലെത്തിയ അദ്ദേഹം പരിപാടിയിൽ സംസാരിക്കവെയാണ് ജില്ലാ പൊലീസ് മേധാവി മനീഷ് ജോഷിക്ക് നിർദേശം നൽകിയത്. അനധികൃതമായി ഇന്ത്യയിലെത്തിയ മുസ്ലിം കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് അവർ രാജ്യത്തേക്ക് പ്രവേശിച്ച അതേ വഴികളിലൂടെ തന്നെ തിരിച്ചയക്കണമെന്നാണ് നിർദേശം.
അനധികൃതമായി കടന്നുകയറിയവർക്ക് പശ്ചിമ ബംഗാളിൽ സ്ഥാനമില്ലെന്നും അവരെ കണ്ടെത്തി പുറത്താക്കണമെന്നും അധികാരി പറഞ്ഞു. അതേസമയം, ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യുന്ന ഹിന്ദുക്കൾക്ക് അഭയവും സംരക്ഷണവും നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





