India News Politics

ഭിന്നശേഷിക്കാരൻ്റെ കസ്റ്റഡി മരണം; ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ഭിന്നശേഷിക്കാരനായ യുവാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്ത്. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നാഗർകോവിലിന് സമീപത്തെ ഇത്തങ്കാട് സ്വദേശിയും ഭിന്നശേഷിക്കാരനുമായ എസ്. സബരി വർമൻ (35) ആണ് മരിച്ചത്. നിരോധിത ഗുഡ്ക വിൽപ്പന നടത്തിയെന്നാരോപിച്ച് തെന്താമരെക്കുളം പൊലീസ് സബരി വർമനെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലാകുമ്പോൾ സബരി വർമൻ ആരോഗ്യവാനായിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലിൽ കഴിയുന്നതിനിടെ ജൂലൈ 13-ന് നാഗർകോവിൽ സബ് ജയിലിൽ മരിച്ചുവെന്നാണ് പൊലീസിൻ്റെ വിശദീകരണം.

സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഉദയനിധി സ്റ്റാലിൻ, മരണത്തിൻ്റെ സാഹചര്യങ്ങൾ സംബന്ധിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും മരിച്ച സബരി വർമൻ്റ കുടുംബത്തിന് നീതി ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സംഭവം തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങളെയും തടവുകാരുടെ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *