Court Education India News Politics

മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പുസ്തകം പുറത്തിറക്കി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും ചിന്തകളും ഉൾക്കൊള്ളുന്ന ‘ദി വോയ്സ് ഓഫ് ജസ്റ്റിസ്: ജസ്റ്റിസ് ഗവായി സ്പീക്സ്’ എന്ന പുസ്തകം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പുറത്തിറക്കി.

ഭരണഘടനാ ചിന്തകളും നീതിന്യായ സംവിധാനത്തിൻ്റെ കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കുന്ന സുപ്രധാന ഗ്രന്ഥമാണ് ഇതെന്ന് ഉപരാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു.

ഭരണഘടന കഴിഞ്ഞ 75 വർഷത്തിനിടെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജനാധിപത്യത്തെയും നിയമവാഴ്ചയെയും സംരക്ഷിച്ച ജീവിക്കുന്ന രേഖയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവകാശങ്ങളും കടമകളും, അധികാരവും ഉത്തരവാദിത്തവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഭരണഘടനയുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ നിയമത്തിലുള്ള വിശ്വാസം സംരക്ഷിക്കുന്നതിലും ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും നീതിന്യായ വ്യവസ്ഥയ്ക്ക് നിർണായക സ്ഥാനമാണുള്ളതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ശക്തമായ സ്ഥാപനങ്ങൾ നിലനിൽക്കാൻ അധികാരത്തോടൊപ്പം സത്യനിഷ്ഠയും ഭരണഘടനാപരമായ അച്ചടക്കവും പൊതുജന വിശ്വാസവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണ ജനങ്ങളുടെ ആവശ്യങ്ങളോടും സാമൂഹിക മാറ്റങ്ങളോടും ഭരണഘടനാപരമായ ഭരണസംവിധാനം പ്രതികരിക്കണമെന്നും, പിന്നാക്കവിഭാഗങ്ങളുടെ ശാക്തീകരണം രാജ്യത്തിൻ്റെ വികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമരംഗത്തുള്ളവർ സമൂഹത്തിലെ ഏറ്റവും പിന്നാക്കവിഭാഗങ്ങൾക്ക് നിശ്ചിത ഇടവേളകളിൽ സൗജന്യ നിയമസഹായം (പ്രോ ബോണോ സേവനം) നൽകണമെന്നും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് സൂര്യകാന്ത്, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രം നാഥ്, മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, പുസ്തകത്തിൻ്റെ എഡിറ്റർ പ്രൊഫ. (ഡോ.) എസ്. ശിവകുമാർ എന്നിവരും നിയമരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *