ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിലെ നേതൃത്വ തർക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ എക്‌സിൽ വാക്പോര്. ടാറ്റ ഗ്രൂപ്പിനെ ‘ക്രിമിനൽ രീതിയിൽ തകർക്കുകയാണെന്ന്’ ആരോപിച്ച രാഹുൽ ഗാന്ധി, വിഷയത്തിൽ പ്രമുഖ വ്യവസായികളാരും പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്നും വിമർശിച്ചു.
എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവത്കരിക്കുന്നതിൽനിന്ന് രാഹുൽ ഗാന്ധി വിട്ടുനിൽക്കണമെന്ന നിർമല സീതാരാമന്റെ വിമർശനത്തിന് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്.
ടാറ്റ ട്രസ്റ്റ്സിന്റെയും ടാറ്റ സൺസിന്റെയും പ്രതിനിധികളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ സ്വീകരിക്കേണ്ടിവന്നത് ഏത് നിയമപരവും വാണിജ്യപരവുമായ വിഷയത്തിന്റെ പേരിലാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
‘ക്രോണി നമ്പർ വൺ’ എന്ന് വിശേഷിപ്പിച്ച വ്യക്തി എപ്പോഴാണ് ഈ തർക്കത്തിൽ ഇടപെടുകയെന്നും ടാറ്റ ഗ്രൂപ്പിന്റെ ഏതെല്ലാം ഭാഗങ്ങളാണ് അദ്ദേഹത്തിന് ലഭിക്കുകയെന്നും രാഹുൽ ഗാന്ധി എക്‌സിലെ പോസ്റ്റിൽ ചോദിച്ചു.
ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റ ഗ്രൂപ്പിലെ നേതൃത്വ തർക്കം രാഷ്ട്രീയതലത്തിലും ചർച്ചയാകുന്നതിനിടെയാണ് ഇരുനേതാക്കളും തമ്മിലുള്ള പരസ്യമായ വാക്പോര്.





