ന്യൂഡൽഹി: രാജ്യത്തെ 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടപ്പാക്കുന്ന 16,000 കോടിയിലധികം രൂപയുടെ അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.
ബുധനാഴ്ച നടന്ന 54-ാമത് പ്രഗതി (PRAGATI) യോഗത്തിലാണ് വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്.
റെയിൽവേ, പ്രധാനമന്ത്രി ഏകതാ മാളുകൾ, ബൾക്ക് ഡ്രഗ് പാർക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളാണ് യോഗത്തിൽ പ്രധാനമായും അവലോകനം ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫിസായ സേവാ തീർത്ഥിലായിരുന്നു യോഗം.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനും സർക്കാർ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംവിധാനമാണ് പ്രഗതി.
വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതികൾ പൂർത്തിയാക്കുക, നിർവഹണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പൊതുജനക്ഷേമത്തിനും നിർണായകമായ പദ്ധതികളുടെ പുരോഗതിയാണ് പ്രധാനമന്ത്രി വിലയിരുത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.





