വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ക്യൂആർ കോഡ് അടിസ്ഥാനത്തിലുള്ള ഫോട്ടോ ഐഡി സംവിധാനം അവതരിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
മെയ് 4-ന് അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതുച്ചേരികേന്ദ്ര ഭരണ പ്രദേശത്തേയും നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ഈ സംവിധാനം നടപ്പിലാക്കും. കൂടാതെ അഞ്ചു സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുള്ള ഉപതിരഞ്ഞെടുപ്പുകളിലും ഇത് പ്രാബല്യത്തിൽ വരും.
മൂന്ന് ഘട്ടങ്ങളിലായുള്ള സുരക്ഷാ ക്രമീകരണത്തിലാണ് പരിശോധന നടത്തുക. ഏറ്റവും ആദ്യം ഐഡികൾ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിക്കും. മൂന്നാമത്തെ തവണ വോട്ടെണ്ണൽ ഹാളിനടുത്തുള്ള അവസാന സുരക്ഷാ ഘട്ടത്തിൽ ക്യൂആർ കോഡ് സ്കാനിംഗിന് ശേഷമേ അകത്തേക്ക് പ്രവേശനം അനുവദിക്കൂ.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഏജൻ്റുമാർ ഉൾപ്പെടെയുള്ള അംഗീകൃത വ്യക്തികൾക്ക് മാത്രമാണ് ഈ സംവിധാനം ബാധകമാകുക. സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.





