മാനുഷിക പരിഗണയിലൂടെ ജയിൽ മോചിതനാക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇക്കാര്യത്തിനായി ഇമ്രാൻ ഖാൻ ഇസ്ലാമാബാദ് ഹൈക്കോടതിയെയാണ് സമീപിച്ചത്. ദീർഘകാലമായി ഏകാന്ത തടങ്കലിലായിരുന്നു ഇമ്രാൻ ഖാൻ. അതിനുപുറമെ കണ്ണിനെ ബാധിച്ച രോഗവും ആരോഗ്യപ്രശ്നങ്ങളും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇമ്രാൻ ഖാനും ഭാര്യയായ ബുഷ്റ ബീബിയും 190 മില്യൺ പൗണ്ട് അഴിമതി കേസിൽ ലഭിച്ച ശിക്ഷക്കെതിരെ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയാണ് അഭിഭാഷകൻ സൽമാൻ സഫ്ദർ മുഖേന ഹർജി സമർപ്പിച്ചത്.
കഴിഞ്ഞ വർഷം ജനുവരിയിൽ ഇസ്ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി ഇമ്രാൻ ഖാനെ 14 വർഷവും ബുഷ്ര ബീബിയെ ഏഴ് വർഷവും തടവിന് ശിക്ഷിച്ചിരുന്നു. നാഷ്ണൽ അക്കൌണ്ടബിലിറ്റി ബ്യൂറോയാണ് കേസ് അന്വേഷണം നടത്തിയിരിക്കുന്നത്.
ഹൈക്കോടതി അപ്പീലുകൾ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും കേസിൽ തുടർവാദം വരും ദിവസങ്ങളിൽ നടക്കുമെന്നുമാണ് വിവരം.





