ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായനികുതി ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ നികുതി നിയമത്തിന്റെ സങ്കീർണതകൾ ലഘൂകരിച്ച് ലളിതവും ഹ്രസ്വവുമാക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.
1961-ലെ ആദായനികുതി നിയമത്തേക്കാൾ 238 വകുപ്പുകള്‍ കൂടുതലുണ്ടെങ്കിലും പുതിയതില്‍ പേജുകളുടെ എണ്ണം കുറവാണ്. ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചശേഷം വിശദമായ പരിശോധനയ്ക്കായി പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കി രാഷ്ട്രപതി ഒപ്പുവച്ചാൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരൂ. നിലവിലെ നികുതി നിയമത്തിൽ 298 സെക്ഷനുകളുണ്ടെങ്കിൽ പുതിയ ബില്ലിൽ അത് 536 ആകും. ഷെഡ്യൂളുകളുടെ എണ്ണം 14ൽ നിന്ന് 16 ആക്കും, അതേസമയം അധ്യായങ്ങൾ 23 ആയി നിലനിർത്തും.
ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ 7,000-ത്തോളം നിർദേശങ്ങൾ പരിഗണിച്ചാണ് ബിൽ തയ്യാറാക്കിയത്.





