Court Kerala News

ഫിനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ 30 കോടിയുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കാലാവധി പൂര്‍ത്തിയാക്കിയ ഡിബെഞ്ചര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സമയത്ത് തട്ടിപ്പ് നടത്തി 30 കോടി രൂപ സ്ഥാപനത്തിന് നഷ്ടമുണ്ടാക്കിയ കേസില്‍ പ്രതികളായ മുളങ്കുന്നത്തുകാവ് മേപ്പറമ്പില്‍ നന്ദഗോകുലം (തളിക്കുളം, എടശ്ശേരി) സ്മിഷ, 47 വയസ്സ്, കരുവന്നൂര്‍ മൂര്‍ക്കനാട് കൊണശ്ശേടത്ത് കളരിക്കല്‍ നിഷ ബാബു എല്‍.എസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ശശികുമാര്‍ പി.എസ്. തള്ളി ഉത്തരവായി.

2018 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ഇരിങ്ങാലക്കുടയിലെ I.C.L ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന പ്രതികള്‍ സ്ഥാപനത്തിൻ്റെ തൃ‍ശ്ശൂര്‍ ശക്തന്‍ ബ്രാഞ്ചിലെ മാനേജരായ കേസിലെ നാലാം പ്രതിയുമായി കൂട്ടു ചേര്‍ന്ന് വ്യാജമായ ട്രാന്‍സാക്ഷന്‍സ് വഴി സ്ഥാപനത്തില്‍ നിന്ന് തുക തിരിമറി ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിരവധി ബ്രാഞ്ചുകള്‍ ഉള്ള സ്ഥാപനത്തിൻ്റെ ഹെ‍ഡ് ഓഫീസ് ഇരിങ്ങാലക്കുടയാണ്. 2018 മുതല്‍ സ്ഥാപനത്തിലെ ജോലിക്കാരായിരുന്ന നിഷ ഇരിങ്ങാലക്കുട ഹെഡ് ഓഫീസില്‍ ഡിബെഞ്ചര്‍ ഡിപ്പാര്‍ട്ട്മെൻ്റിലും, സ്മിഷ ശക്തന്‍ ബ്രാഞ്ചിലുമാണ് ജോലി ചെയ്തിരുന്നത്. വിവിധ ബ്രാഞ്ചുകളിലെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും കാലാവധി പൂര്‍ത്തിയായാല്‍ തിരിച്ചു കൊടുക്കുന്നതിനുമുള്ള ചുമതല പ്രതികള്‍ക്കായിരുന്നു. ഡിബെഞ്ചര്‍ സെക്ഷനിലെ ഹെഡിൻ്റെ സോഫ്റ്റ് വെയറിലെ യൂസര്‍ ഐഡി, പാസ് വേഡ്, ഡിജിറ്റല്‍ സൈന്‍ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

കാലാവധി പൂര്‍ത്തിയാക്കിയ ഡിബെഞ്ചര്‍ സര്‍ട്ടിഫിക്കറ്റുുകള്‍ നിക്ഷേപകര്‍ സ്ഥാപനത്തില്‍ ഹാജരാക്കുമ്പോള്‍ പ്രതികള്‍ സര്‍ട്ടിഫിക്കറ്റുകള്‍‍ വാങ്ങി തുക നിക്ഷേപകര്‍ക്ക് നല്‍കുമെങ്കിലും സര്‍ട്ടിഫിക്കറ്റ് ക്ലോസ് ചെയ്യാതെ പ്രതികളുടേയും, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പേരുകള്‍ ചേര്‍ത്ത് ഡിബെഞ്ചര്‍ സര്‍ട്ടിഫിക്കറ്റുുകള്‍ പുതുക്കിയതായി കാണിച്ച് കമ്പ്യൂട്ടറില്‍ ചേര്‍ക്കുയാണ് ചെയ്തിരുന്നത്. ‍ പുതുക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ വൗച്ചറുകള്‍ ഉപയോഗിച്ച് പ്രതികളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പേരില്‍ തുക മാറ്റി എടുക്കുകയായിരുന്നു. ഇത്തരത്തില്‍ 30 കോടിയോളം രൂപ സ്ഥാപനത്തില്‍ നിന്നും തട്ടിയെടുത്തു. തട്ടിപ്പ് കണ്ടു പിടിച്ചപ്പോള്‍ സ്ഥാപനം നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് ക്രൈം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയുമായിരുന്നു.

എന്നാല്‍ അതീവഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും, അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ നില്‍ക്കുന്ന ഈ സമയത്ത് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്ന പക്ഷം കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ യാതൊരു കാരണവശാലും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യുഷനു വേണ്ടി ഹാജരായി ജില്ല പബ്ലിക്പ്രോസിക്യൂട്ടര്‍ കെ പി അജയകുമാറിൻ്റെ വാദങ്ങള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.

Leave a Reply

Your email address will not be published. Required fields are marked *