വാഷിങ്ടൺ: നാസാ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും രണ്ട് റഷ്യൻ കോസ്മോനോട്ടുകളും സോയൂസ് എംഎസ്-29 (Soyuz MS-29) പേടകത്തിൽ വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തി.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിൻ്റെ സോയൂസ് എംഎസ്-29 പേടകം ചൊവ്വാഴ്ച രാത്രി 8.17-ന് (ഇന്ത്യൻ സമയം) കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. അനിൽ മേനോനൊപ്പം റഷ്യൻ കോസ്മോനോട്ടുകളായ പ്യോത്ര് ദുബ്രോവും അന്ന കികിനയും പേടകത്തിലുണ്ടായിരുന്നു.
എട്ട് മിനിറ്റ് നീണ്ട വിക്ഷേപണത്തിന് ശേഷം ഭൂമിയുടെ പ്രാഥമിക ഭ്രമണപഥത്തിലെത്തിയ പേടകം ഏകദേശം മൂന്ന് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ രാത്രി 11.52-ന് (ഇന്ത്യൻ സമയം) ഐഎസ്എസിൻ്റെ പ്രിച്ചാൽ (Prichal) മൊഡ്യൂളിൽ വിജയകരമായി ഡോക്ക് ചെയ്തു.
ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സംഘാംഗങ്ങൾ ആലിംഗനവും ആശംസകളും നൽകി പുതിയ സംഘത്തെ സ്വീകരിച്ചു. ശാസ്ത്രീയ പരീക്ഷണങ്ങളും മറ്റ് ഗവേഷണ പ്രവർത്തനങ്ങളും നടത്തുന്നതിനായി സംഘം ഇനി ഐഎസ്എസിൽ ദൗത്യം തുടരും.





