Kerala News

സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു: മന്ത്രി വീണാ ജോർജ്

സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രസവം നടക്കുന്ന ആശുപത്രികളിൽ മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസ് ആയി കേന്ദ്രം ഉയർത്തി. രാജ്യത്തെ പത്ത് ആശുപത്രികൾക്ക് മാത്രമുള്ള അപൂർവ നേട്ടമാണത്. സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യിൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുകയും സിഡിസിയിൽ ജനറ്റിക്സ് ലാബ് സജ്ജമാക്കുകയും ചെയ്തു. പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ആരംഭിച്ചു. രാജ്യത്ത് സർക്കാർ മേഖലയിൽ എയിംസിന് ശേഷം രണ്ടാമതായി എസ്.എ.ടി. ആശുപത്രിയിൽ ഫീറ്റൽ മെഡിസിൻ വിഭാഗം ആരംഭിക്കുന്നു. വന്ധ്യതാ ചികിത്സയ്ക്കും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മാതൃശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഹൃദ്യം പോലെയുള്ള പദ്ധതികളിലൂടെ നവജാത ശിശുമരണ നിരക്ക് വളരെയേറെ കുറയ്ക്കാൻ സാധിച്ചു. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. പ്രത്യേക സൗകര്യങ്ങളൊരുക്കുമ്പോൾ അതിനുതകുന്ന ചികിത്സ ആശുപത്രിയിൽ ലഭിക്കണം.

സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഒന്നാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. 200ലധികം വർഷം പഴക്കമുള്ള ആശുപത്രി സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആശ്രയ കേന്ദ്രമാണ്. ഇവിടെ പുതിയ കാലഘട്ടത്തിന് അനുസൃതമായ ശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കുകയാണ്. ആശുപത്രിയിൽ നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങൾ ഇരട്ടിയായി വർധിപ്പിച്ചു. ലക്ഷ്യ ലേബർ റൂം, നവജാത ശിശു പരിപാലന വിഭാഗം, ഒ.പി, അത്യാഹിത വിഭാഗം എന്നിവ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു.

2.2 കോടി രൂപ വിനിയോഗിച്ചാണ് ലക്ഷ്യ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലേബർ റൂം സജ്ജമാക്കിയത്. നേരത്തെ 5 പ്രസവങ്ങൾ മാത്രം നടത്താൻ സൗകര്യമുണ്ടായിരുന്നിടത്ത് 20 പ്രസവങ്ങൾക്കുള്ള സൗകര്യമുണ്ട്. അഞ്ച് ലക്ഷം രൂപയോളം വിനിയോഗിച്ചാണ് നവജാത ശിശു പരിപാലന വിഭാഗം നവീകരിച്ചത്. നവജാത ശിശു പരിപാലന വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകൾ ഉൾപ്പെടുന്ന ഇൻബോൺ നഴ്സറി, ട്രയേജ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, കൗൺസിലിംഗ് വിഭാഗം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആർദ്രം പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചാണ് ഒ.പി, അത്യാഹിത വിഭാഗം എന്നിവ നവീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

ആന്റണി രാജു എം.എൽ.എ. മാസ്റ്റർ പ്ലാൻ സമർപ്പിച്ചു. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, കൗൺസിലർമാരായ കൃഷ്ണകുമാർ എസ്., മാധവദാസ് ജി., ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനോജ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ശാന്ത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സ്വപ്നകുമാരി ജെ., ആർ.സി.എച്ച് ഓഫീസർ ഡോ. വി. കൃഷ്ണവേണി, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *