
തൃശൂർ: ശബരിമലയിൽ അയ്യപ്പഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും വീഴ്ച വരുത്തുന്നതായി ആരോപിച്ച് ബിജെപി ഒബിസി മോർച്ച മേഖലാ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തർക്ക് ലഭിക്കേണ്ട പ്രസാദം നൽകുന്നതിൽ വീഴ്ചയുണ്ടായെന്നും ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പരാജയപ്പെട്ടെന്നും യോഗം ആരോപിച്ചു. തീർഥാടകരുടെ വിശ്വാസത്തെയും അവകാശങ്ങളെയും മാനിച്ച് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.എസ്.സി. നിയമനങ്ങളിൽ ഒബിസി വിഭാഗത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും മറ്റു വിഭാഗങ്ങൾക്ക് ഇരട്ട സംവരണം നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും യോഗം ആരോപിച്ചു. സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒബിസി വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ പ്രേമൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈബു വടക്കുഞ്ചേരി അധ്യക്ഷത വഹിച്ചു. ഭഗീഷ് പൂരാടൻ, സന്തോഷ് കാക്കനാടൻ, സുജിത്ത് പാണ്ടാരിക്കൽ എന്നിവർ സംസാരിച്ചു.




