തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ആണ് നിയന്ത്രണം ബാധകമാകുന്നത്.
ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേല്‍ക്കൂരയില്‍ കോണ്‍ക്രീറ്റ് പാളികള്‍ നീക്കം ചെയ്ത് സിമന്റ് പ്ലാസ്റ്ററിങ് നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഭക്തജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രദക്ഷിണ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ഈ കാലയളവില്‍ ശയന പ്രദക്ഷിണത്തിനും അടി പ്രദക്ഷിണത്തിനുമാണ് നിയന്ത്രണം ഉണ്ടായിരിക്കുക. ഭക്തര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശങ്ങളോട് സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.





