ന്യൂഡൽഹി: രാജ്യത്ത് ആവർത്തിച്ച് നടക്കുന്ന പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്കിടെ, ഓരോ വിദ്യാർത്ഥിയുടെയും മികച്ച താൽപര്യമാണ് എല്ലാ തീരുമാനങ്ങളുടെയും കേന്ദ്രബിന്ദുവാകേണ്ടതെന്ന് ഇന്ത്യൻ ടെസ്റ്റ്-ഏകദിന ടീം നായകൻ ശുഭ്മൻ ഗിൽ പറഞ്ഞു.
വ്യാഴാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗിൽ പ്രതികരിച്ചത്. വിദ്യാർത്ഥികളോട് കരുണയും പരസ്പര ബഹുമാനവും പുലർത്തണമെന്നും യുവതലമുറയുടെ ഭാവി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
“ഒരു യുവ ഇന്ത്യൻ എന്ന നിലയിൽ, നമ്മുടെ തലമുറയ്ക്ക് പഠിക്കാനും സ്വപ്നം കാണാനും നാം ആഗ്രഹിക്കുന്ന ഭാവി രൂപപ്പെടുത്താനും എല്ലാ അവസരങ്ങളും ലഭിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്നാണ് ഗിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ചോദ്യപേപ്പർ ചോർച്ചകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ശുഭ്മൻ ഗില്ലിൻ്റെ പ്രതികരണം. വിദ്യാർത്ഥികളുടെ താൽപര്യവും ഭാവിയും മുൻനിർത്തിയുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.





