കോഴിക്കോട്: വയനാട് തുരങ്കപാത നിർമാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നൽകി. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനം അതീവ ശ്രദ്ധയോടെ നടത്തണമെന്ന നിർദ്ദേശത്തോടെയാണ് അനുമതി അനുവദിച്ചത്.
ആനക്കാംപൊയൽ-കള്ളാടി-മേപ്പാടി തുരങ്കപാത സംസ്ഥാന സർക്കാരിന്റെ ഫ്ലാഗ്‌ഷിപ്പ് പദ്ധതിയാണെന്നും ഇതുമായി ബന്ധപ്പെട്ട സുപ്രധാന അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. കള്ളാടിയോട് ചേർന്നുള്ള ചൂരൽമല, മുണ്ടക്കൈ തുടങ്ങിയ മേഖലകളിൽ മുൻകാലങ്ങളിൽ ഉരുള്‍പൊട്ടൽ സംഭവിച്ചിട്ടുള്ളതിനാൽ നിർമാണ പ്രവർത്തനങ്ങൾ സൂക്ഷ്മ പരിശോധനയോടെ നടത്തണമെന്ന് സമിതി നിർദേശിച്ചു.
വനം, വന്യജീവികൾ, ആദിവാസി സമൂഹം എന്നിവയെ ബാധിക്കാത്ത രീതിയിലുള്ള നിർമാണം ഉറപ്പാക്കണമെന്നും പാറ തുരക്കുന്നതിനായി പരിസ്ഥിതി സൗഹാർദ്ദ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും സമിതി നിർദ്ദേശിച്ചു. ഈ തുരങ്കപാത പൂർത്തിയായാൽ ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്റിലേക്ക് ചുരുങ്ങും. കൂടാതെ, താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കേണ്ടതില്ലെന്നതിനാൽ വയനാട്-കോഴിക്കോട് യാത്ര എളുപ്പമാകും. ഇതോടെ കൊച്ചി-ബംഗളൂരു ഇടയിലുളള ദൂരം കുറയാനും ഇടയാകും.





