കൊച്ചി: സംസ്ഥാനത്തെ റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് കേരള ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) പ്രശ്നം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു.
കെൽസയുടെ ഹർജിയിൽ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന, ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റികളും പരാതി പരിഹാര സെല്ലുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
രാഗിങ് വിരുദ്ധ നിയമങ്ങൾ സംസ്ഥാനത്തുടനീളം കര്‍ശനമായി നടപ്പാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഹർജി ഫയലിൽ സ്വീകരിച്ച്, സർക്കാരിനോട് ശക്തമായ നടപടികൾ കൈക്കൊള്ളുന്നുണ്ടോ എന്നത് സംബന്ധിച്ച മറുപടി നൽകാൻ നിർദേശം നൽകി.
ഹർജി നാളെ വേറൊരു ബെഞ്ച് പരിഗണിക്കും. റാഗിങ് കേസുകൾ കേൾക്കാനായി പ്രത്യേക ബെഞ്ച് ചുമതലപ്പെടുത്തുന്നതിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.





