Agriculture Business Economy Farming India Kerala News

എട്ടുവർഷമായി ഒരു ഏക്കറിൽ ജൈവകൃഷി; പെരിഞ്ചേരിയിലെ കർഷക കുടുംബത്തിന് ആദരം

പെരിഞ്ചേരി: കഴിഞ്ഞ എട്ടുവർഷമായി ഒരു ഏക്കർ സ്ഥലത്ത് വൈവിധ്യമാർന്ന ജൈവകൃഷി നടത്തി മാതൃകയാകുന്ന പെരിഞ്ചേരിയിലെ ചക്കാലക്കൽ ദേവദാസ്, ഭാര്യ ആനന്ദവല്ലി, മകൻ ദേവാനന്ദ്, കർഷകനും കൃഷിയിലെ സഹായിയുമായ മനോജ് എന്നിവരെ ബിജെപി പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ വാർത്ത മീഡിയയുടെ കൃഷിയിടം പരിപാടിക്ക് വേണ്ടി ആനന്ദവല്ലിയുടേയും മകൻ ദേവനന്ദിൻ്റേയും കൃഷി ജീവിതത്തെ കുറിച്ച് വീഡിയോ ചെയ്തിരുന്നു. അതിനു ശേഷമാണ് ഈ കർഷക കുടുംബത്തെ തേടി ആദരവ് എത്തിയത്.

കഴിഞ്ഞ എട്ടുവർഷമായി സ്വന്തം പുരയിടത്തിൽ വിവിധതരം പച്ചക്കറികളും മറ്റ് കാർഷികവിളകളും ജൈവരീതിയിൽ കൃഷി ചെയ്തുവരികയാണ് ഈ കുടുംബം. കൃഷിയിലൂടെ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ജൈവ ഉൽപ്പന്ന വിതരണ കേന്ദ്രങ്ങൾ വഴി വിപണിയിലെത്തിക്കുകയും ചെയ്യുന്നുണ്ട്.

കോവിഡ് കാലത്ത് എല്ലാവരും നിരാശരായി ഇരുന്ന സമയത്ത് ഇനിയെന്ത് ചെയ്യുമെന്ന ചോദ്യത്തില്‍ നിന്ന് വളര്‍ന്ന് പന്തലിച്ച് വന്ന ഒരു കൃഷിയിടമാണ് തൃശൂര്‍ ജില്ലയിലെ ആനക്കല്ല് പെരുഞ്ചേരിയിലെ ആനന്ദവല്ലിയുടേയും മകന്‍ ദേവാനന്ദിൻ്റേയും ഒരു ഏക്കർ കൃഷി ഭൂമി. പാവല്‍, പടവലം, പയര്‍, ചുരക്ക, കുക്കുമ്പര്‍, എന്നിങ്ങനെ നീളുന്നു ഈ കൃഷിയിടത്തിലെ ജൈവപച്ചക്കറി പെരുമ.

ദേവാനന്ദിന്റെ വരുമാനമാര്‍ഗമായിരുന്ന ബസ് സര്‍വീസ് കോവിഡ് കാലത്ത് നിര്‍ത്തി വെച്ചതു മുതല്‍ക്കാണ് കൃഷിയിലേക്ക് ഈ അമ്മയും മകനും എത്തിച്ചേരുന്നത്. കോവിഡ് കാലത്ത് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മുന്നില്‍ ബസില്‍ കൂടെ പണി ചെയ്തിരുന്ന മനോജില്‍ നിന്നുമാണ് കൃഷിയെന്ന ലോകത്തിലേക്ക് ഈ അമ്മയും മകനും കടന്നു വരുന്നത്. എന്തിനും സഹായത്തിനായി മനോജും കൂട്ടിനിറങ്ങിയപ്പോള്‍ പിന്നെ പുറകിലേക്ക് നോക്കേണ്ടി വന്നില്ല ഇരുവര്‍ക്കും. മുമ്പ് കൃഷി ചെയ്ത് പരിചയമുള്ളതിനാല്‍ തന്നെ മനോജ് കാട് പിടിച്ചിരുന്ന സ്ഥലത്തെ എങ്ങനെ കൃഷിയോഗ്യമാക്കി മാറ്റാമെന്ന ആശയങ്ങളും ഇവര്‍ക്ക് കൈമാറി. ആദ്യമായി പാവലില്‍ നിന്ന് തന്നെയാണ് കൃഷി ആരംഭിച്ചത്. പാവല്‍ കൃഷി പച്ച പിടിച്ചതോടെ ചെമ്പൂക്കാവ് ഹോര്‍ട്ടികള്‍ച്ചറിലെ ബാലു, വിശ്വം, ബിന്ദു തുടങ്ങിയവരുടെ പിന്തുണയോടെ നല്ലൊരു വിപണന മേഖല കണ്ടെത്താനയതും പച്ചക്കറി കൃഷിയില്‍ കൂടുതല്‍ വിളകള്‍ പരീക്ഷിക്കാനുള്ള കരുത്തുമേകി.

കുക്കുമ്പര്‍, പടവലം, ചീര, തുടങ്ങിയ കൃഷി വിളകളാണ് ഇവിടുത്തെ പ്രധാന ഇനങ്ങള്‍. പടവലത്തില്‍ തന്നെ ചെറിയ പടവലമാണ് ഇവിടുത്തെ താരം. ഏറ്റവും കൂടുതല്‍ വിപണിയില്‍ ഡിമാന്‍ഡുള്ളതും ഇവക്ക് തന്നെയാണ്. വലിയ പടവലം വാങ്ങിക്കാന്‍ ജനങ്ങള്‍ മടിക്കുന്നതിനാലാണ് ചെറിയ പടവലത്തിലേക്ക് തിരിഞ്ഞതെന്ന് മനോജ് പറയുന്നു. കുക്കുമ്പറില്‍ സ്‌നോ വൈറ്റ് എന്ന ഇനമാണ് ഇവിടെ ഉപയോഗിക്കുന്നത്.

ചാണക സ്ലറിയാണ് ഇവിടുത്തെ കൃഷിയെ പരിപോഷിക്കുന്ന വളം. വേപ്പിന്‍ പിണ്ണാക്ക്, ചാണകം, കടല പിണ്ണാക്ക് എന്നിവയെല്ലാം മിക്‌സ് ചെയ്യുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇവ വീണ്ടും ഇളക്കി സംയോജിപ്പിക്കുന്നു. ഇതിന് ശേഷം 20 മുതല്‍ 25 ദിവസം വരെ ബാരലുകളില്‍ സൂക്ഷിക്കുന്ന സ്ലറി ഒരു ലിറ്റര്‍ എടുത്ത് അതിലേക്ക് 10 ലിറ്റര്‍ വെള്ളം ഒഴിപ്പിച്ച് നേര്‍പ്പിച്ചാണ് ചെടികള്‍ക്ക് വളമായി നല്‍കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് ആവര്‍ത്തിക്കുന്നത് വഴി ചെടികള്‍ക്ക് ആവശ്യമായ വളവും ലവണങ്ങളും ലഭിക്കുന്നു.

പടവലം, വഴുതന, കൈപ്പക്ക, ചേമ്പ്, പയർ, മുളക്, വിവിധയിനം വാഴകൾ, കവുങ്ങ്, തെങ്ങ്, ചീര തുടങ്ങി നിരവധി വിളകളാണ് ഒരു ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്. വിഷരഹിതമായ ഭക്ഷ്യോൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നതിലൂടെ മാതൃകാപരമായ കാർഷിക പ്രവർത്തനമാണ് ഈ കുടുംബം കാഴ്ചവെക്കുന്നത്.

വാർഡ് മെമ്പർ ശ്രീദേവി സന്തോഷിന്റെ നേതൃത്വത്തിലാണ് കർഷകരെ ആദരിച്ചത്. ചടങ്ങിൽ ബിജെപി വാർഡ് പ്രസിഡന്റ് ഹരിചന്ദ്രൻ, അനിൽകുമാർ സി.വി., സുരേഷ്, ഉണ്ണികൃഷ്ണൻ, ജിത്തു ചെറുവത്തേരി, അപ്പൂ ചെറുവത്തേരി, സുജാത രാജൻ, രാമചന്ദ്രൻ, പ്രദീപ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *