ശബരിമല: ശബരിമലയില് വൻ ഭക്തജന തിരക്ക് . പതിനെട്ടാംപടി കയറാനുള്ള നീണ്ട നിര ശരംകുത്തി വരെ നീളുമ്പോൾ, ദർശനം നടത്താൻ ഭക്തർക്ക് 11 മണിക്കൂറോളം കാത്തിരിക്കേണ്ട സാഹചര്യമാണു. മാസപൂജ സമയത്ത് ഇത്രയും തിരക്കുണ്ടാകുന്നത് ആദ്യമായാണ്. ആയിരക്കണക്കിന് തീർത്ഥാടകർ എത്തിക്കഴിഞ്ഞിട്ടും, സന്നിധാനത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതാണ് ഭക്തരുടെ ആക്ഷേപം.
പതിനെട്ടാംപടിയിലേക്ക് മണിക്കൂറുകൾ കാത്തുനിൽക്കുന്ന തീർത്ഥാടകർക്ക് ചുക്കുവെള്ളം ലഭിക്കുന്നത് വലിയ നടപ്പന്തലിൽ മാത്രം. സന്നിധാനത്തെ ഗസ്റ്റ് ഹൗസും സ്റ്റാഫ് ക്വാർട്ടേഴ്സും അടക്കം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താമസ സൗകര്യങ്ങൾ വൻ പ്രതിസന്ധിയിലായിട്ടുണ്ട്.
തിരക്കിൽ ക്രമസമാധാനം പാലിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലെന്നും ആരോപണമുണ്ട്. സന്നിധാനത്ത് വെറും 170 പൊലീസുകാർ മാത്രമേ ഡ്യൂട്ടിയിലുള്ളു. മിനിറ്റിൽ 85-90 ആളുകളെ പതിനെട്ടാംപടിയിലേക്ക് കയറ്റേണ്ടതുണ്ടെങ്കിലും, ഇപ്പോൾ കയറ്റുന്നത് 50-52 പേർ മാത്രമാണ്. നടപ്പന്തലിൽ വരി നിൽക്കാതെ പതിനെട്ടാംപടിക്ക് താഴെ ബാരിക്കേഡിനു പുറത്ത് തിക്കും തിരക്കും കൂട്ടുന്നവരും ഏറെയാണ്.