പാലക്കാട്: പാലക്കാട്ടെ ജനങ്ങള്‍ പ്രധാനമന്ത്രിക്ക് നല്‍കുന്ന ദീപാവലി സമ്മാനമായിരിക്കും എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയമെന്ന് ദേശീയ നിര്‍വാഹക സമിതി അംഗവും എന്‍ഡിഎ കോ-കണ്‍വീനറുമായ പി.കെ. കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎയും ഇന്‍ഡി സഖ്യവും തമ്മിലുള്ള പോരാട്ടമാണ് ഉപതെരഞ്ഞെടുപ്പില്‍ നടക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെതിരെ മത്സരിക്കുന്നത് രണ്ടു കോണ്‍ഗ്രസുകാരാണ്. കരുണാകരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന സ്ഥാനാര്‍ഥിയാണോ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍, അതോ അങ്ങോട്ട് തിരിഞ്ഞുനോക്കുകപോലും ചെയ്യാത്ത സ്ഥാനാര്‍ഥിയാണോ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍ എന്ന് ജനങ്ങള്‍ ചിന്തിക്കണം.
ഭരണവിരുദ്ധ വികാരവും ജനരോഷവും മൂലം സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കുന്നതിനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസുകാരനായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയത്. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ നിര്‍ത്തിയുള്ള തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും ഇരുമുന്നണികളുടെയും ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിച്ചതും, സംസ്ഥാനത്ത് ബിജെപിയുടെ വോട്ടുശതമാനം ഉയര്‍ന്നതും. അന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര, വയനാട് എന്നിവിടങ്ങളിലും പ്രതിഫലിക്കും. സിപിഎം നേതാവായ എ.കെ. ബാലന്‍ തന്നെ യുഡിഎഫിന് വോട്ട് മറിച്ചുവെന്ന് സമ്മിതിച്ചിരിക്കുകയാണല്ലോ.
2019ലെ തെരഞ്ഞെടുപ്പില്‍ ശശിതരൂരിന് എല്‍ഡിഎഫ് വോട്ട് ലഭിച്ചു. ബിജെപിയെ തോല്‍പ്പിക്കാന്‍ പരസ്പരം വോട്ട് മറിച്ചുവെന്ന് രമേശ് ചെന്നിത്തല തന്നെ പറഞ്ഞിരുന്നു. ഇവര്‍ തമ്മിലുള്ള ഡീല്‍ ജനങ്ങള്‍ക്ക് ബോധ്യമായി. ഇന്‍ഡി സംഖ്യത്തിലെ കോണ്‍ഗ്രസ് – സിപിഎം നേതാക്കള്‍ എല്ലാ ആഴ്ചയും ദല്‍ഹിയില്‍ ഒരുമിച്ചിരിക്കാറുണ്ട്. സിപിഎം – സിപിഐ ദേശീയ നേതാക്കള്‍ വയനാട്ടില്‍ വന്ന് രാഹുലിനെയോ പ്രിയങ്കയെയോ തള്ളിപ്പറയാന്‍ തയ്യാറാകുമോയെന്നും പി.കെ. കൃഷ്ണദാസ് ചോദിച്ചു. പിണറായി സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.കേരളത്തിലെ പ്രതിപക്ഷനേതാവ് പിണറായി സര്‍ക്കാരിന്റെ കവചമായി മാറിയതിനാല്‍ വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറാകുമോ എന്നും കൃഷ്ണദാസ് ചോദിച്ചു.
കേന്ദ്രസര്‍ക്കാര്‍ വയനാടിനായി നല്‍കിയ തുക ഖജനാവിലുണ്ട്. പക്ഷേ ഇതുവരെയും വയനാടിന്റെ പുനരധിവാസ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നതിന് പകരം നിയമസഭയില്‍ വഖഫ് നിയമം സംബന്ധിച്ച് സംയുക്തപ്രമേയം പാസാക്കുവാനാണ് മുന്‍കൈയെടുത്തത്.അധികാരവും ധിക്കാരവും സിപിഎം നേതാക്കളെ ദിവ്യന്മാരും ദിവ്യകളുമാക്കി മാറ്റി. ഇത്തരം ദിവ്യമാര്‍ മനുഷ്യരെ കൊല്ലുന്ന അവസ്ഥവരെയെത്തി. ഇവര്‍ക്കെതിരെ ജനം വിധിയെഴുതും. ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.കാലാകാലമായി എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുചെയ്തവര്‍ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യും. തൃശൂരിലെ കാറ്റ് പാലക്കാടും വീശുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി, വൈസ് പ്രസിഡന്റുമാരായ എ.എന്‍. അനുരാഗ്, അഡ്വ. സംഗീത വിശ്വനാഥന്‍, എന്‍കെസി സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ്, ശിവസേന സംസ്ഥാന പ്രസി: അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, ജന.സെക്രട്ടറി രാധാകൃഷ്ണ മേനോന്‍, കെകെസി സംസ്ഥാന ജന.സെക്രട്ടറിമാരായ സന്തോഷ് കാളിയത്ത്, എം.എല്‍. അലി, എസ്‌ജെഡി സംസ്ഥാന പ്രസി: വി.വി. രാജേന്ദ്രന്‍, ജന.സെക്രട്ടറി ബി.ടി. രമ, എല്‍ജെപി(ആര്‍)സംസ്ഥാന പ്രസി: പി.എച്ച്. രാമചന്ദ്രന്‍, ജന.സെക്രട്ടറി ജേക്കബ് പീറ്റര്‍, എന്‍കെസി സംസ്ഥാന ജന.സെക്രട്ടറി എം.എന്‍. ഗിരി പങ്കെടുത്തു.





