ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസ് ആചരിക്കുന്ന വേളയിൽ, കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി പോരാടിയ ധീരസൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. അതികഠിനമായ സാഹചര്യങ്ങളിലും ഇന്ത്യൻ സൈനികർ പ്രകടിപ്പിച്ച ധീരതയും ത്യാഗവും രാജ്യത്തിൻ്റെ അഭിമാനമായി എന്നും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാർഗിൽ വിജയ് ദിവസ് ദിനത്തിൽ രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി അസാധാരണ ധൈര്യവും അർപ്പണബോധവും പ്രകടിപ്പിച്ച സൈനികരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
“ഏറ്റവും ദുഷ്കരമായ സാഹചര്യങ്ങളിലും നമ്മുടെ ധീരസൈനികർ കാട്ടിയ വീര്യം എന്നും രാജ്യത്തിൻ്റെ അഭിമാനമായി തുടരും. അവരുടെ അചഞ്ചലമായ ദേശസ്നേഹവും കർത്തവ്യനിഷ്ഠയും വരും തലമുറകൾക്ക് പ്രചോദനമാകും,” എന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിൽ (X) പങ്കുവെച്ച സന്ദേശത്തിൽ കുറിച്ചു.
1999-ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യ നേടിയ ചരിത്രവിജയത്തിൻ്റേയും രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരസൈനികരുടെ സ്മരണയുടെയും ഭാഗമായി എല്ലാ വർഷവും ജൂലൈ 26-നാണ് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്.





