സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളിലും കാർഷിക സംസ്ക്കാരം ഉണർത്തുക , കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ കൃഷി സമൃദ്ധി ‘
മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കേരളത്തിലെ 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ മേഖലകളിലായി മികവുള്ള കൃഷി കൂട്ടങ്ങളുള്ളതും , കാർഷിക പ്രാധാന്യം കൂടുതലുള്ളതും, കഴിഞ്ഞ കാലയളവിൽ മികവ് തെളിയിച്ചതുമായ തദ്ദേശ സ്ഥാപനങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘പച്ചക്കുട’ സമഗ്ര കാർഷിക പദ്ധതിയുടെ കൂടി ഭാഗമായാണ് ‘കൃഷി സമൃദ്ധി’ പദ്ധതി നടപ്പിലാക്കുന്നതിന് പൂമംഗലം പഞ്ചായത്തിനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ വാർഡ് തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കി എല്ലാ വിഭവങ്ങളേയും സംയോജിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.
കാർഷിക സാക്ഷരതാ യഞ്ജം , കൃഷിക്ക് അനുയോജ്യമായ മുഴുവൻ പ്രദേശവും കൃഷി ചെയ്യുക , യുവതയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക, കാർഷിക സംരഭത്വം പ്രോത്സാഹിപ്പിക്കുക, സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷ്യോത്പാദനം നടപ്പിലാക്കുക , കാർഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ വിവിധങ്ങളായ ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് തലത്തിൽ രൂപീകരിക്കുന്ന നിർവ്വഹണ സമിതിയുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.