
തിരുവനന്തപുരം: കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള നിയമസഭയിൽ മുൻ നിയമസഭാംഗങ്ങളുടെയും മുൻ നിയമസഭാ സെക്രട്ടറിമാരുടെയും ജീവനക്കാരുടെയും സ്നേഹസംഗമം സംഘടിപ്പിച്ചു. ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന പരിപാടി മുൻ സ്പീക്കർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതം ആശംസിച്ചു.
150-ലധികം മുൻ നിയമസഭാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ മുൻ സ്പീക്കർമാരായ തേറമ്പിൽ രാമകൃഷ്ണൻ, വി.എം. സുധീരൻ, എൻ. ശക്തൻ, എം. വിജയകുമാർ, എം.ബി. രാജേഷ്, എ.എൻ. ഷംസീർ എന്നിവരെ ആദരിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർമാരായ ഭാർഗവി തങ്കപ്പൻ, ജോസ് ബേബി, പാലോട് രവി, വി. ശശി, ചിറ്റയം ഗോപകുമാർ എന്നിവർക്കും ആദരമർപ്പിച്ചു.
മുൻ നിയമസഭാംഗം പാലോളി മുഹമ്മദ് കുട്ടി, മുൻ നിയമസഭാ സെക്രട്ടറി ആർ. രാജേന്ദ്ര ബാബു, മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ദേശീയ, അന്തർദേശീയ കായികമത്സരങ്ങളിൽ മെഡലുകൾ നേടിയ മുൻ നിയമസഭാംഗം എം.ജെ. ജേക്കബിനെയും പ്രത്യേകമായി ആദരിച്ചു.
കേരളത്തിന്റെ നിയമനിർമാണ ചരിത്രത്തിൽ നിർണായക പങ്കുവഹിച്ചവർ ഒരുമിച്ചെത്തിയ സംഗമം ചരിത്രസംഭവമാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ പുരോഗതിക്കായി എല്ലാവരും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേരള നിയമസഭയ്ക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് മുൻ സ്പീക്കർ വി.എം. സുധീരൻ പറഞ്ഞു. ഒന്നാം കേരള നിയമസഭയുടെ കാലത്ത് ഒരുദിവസം പോലും സഭാസ്തംഭനം ഉണ്ടായിട്ടില്ലെന്നും വെറും നാലുതവണ മാത്രമാണ് വാക്കൗട്ട് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സബ്ജക്ട് കമ്മിറ്റി എന്ന ആശയം കേരള നിയമസഭയുടേതാണെന്നും പിന്നീട് പാർലമെന്റിൽ സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിക്കാൻ ഇത് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ബില്ലും വിശദമായ ചർച്ചകൾക്ക് ശേഷമാണ് ആദ്യകാലത്ത് നിയമസഭ പാസാക്കിയിരുന്നത്. ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്ന വേദിയായി നിയമസഭയ്ക്ക് വീണ്ടും മാറാൻ കഴിയണം. രാജ്യത്തെ ഏറ്റവും മികച്ച നിയമനിർമാണ സഭകളിലൊന്നായി കേരള നിയമസഭയെ ഉയർത്താൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധീരൻ പറഞ്ഞു.
സഭാനടപടികളും ലൈബ്രറി റഫറൻസ് സംവിധാനവും മെച്ചപ്പെടുത്തുന്നതിനായി വിശദമായ പഠനം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ചടങ്ങിൽ സ്പീക്കറും മുൻ സ്പീക്കർമാരും നിയമസഭയിലെ തങ്ങളുടെ അനുഭവങ്ങളും ഓർമകളും പങ്കുവെച്ചത് ശ്രദ്ധേയമായി.




