
കുരുക്ഷേത്ര: ഹരിയാന സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് കുരുക്ഷേത്രയിൽ സംഘടിപ്പിച്ച ‘ഹീരക് ജയന്തി’ ആഘോഷത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു. രാജ്യത്തിന്റെ പുരോഗതിയുടെ വിവിധ മേഖലകളിൽ ഹരിയാന നൽകിയ സംഭാവനകളെ രാഷ്ട്രപതി പ്രശംസിച്ചു.
ഇന്ത്യയുടെ വികസനയാത്രയിൽ നിർണായക പങ്കുവഹിച്ച ഹരിയാനയിലെ ജനങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. സ്വാതന്ത്ര്യസമരം, സാമൂഹിക മാറ്റങ്ങൾ, ജനാധിപത്യം, സാഹിത്യം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാനത്തെ ജനങ്ങൾ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഭഗവാൻ ശ്രീകൃഷ്ണന്റെ നിഷ്കാമകർമത്തിന്റെ ശാശ്വത സന്ദേശം ലോകത്തിന് പകർന്നുനൽകിയ മണ്ണാണ് ഹരിയാനയെന്ന് രാഷ്ട്രപതി അനുസ്മരിച്ചു. ആധുനിക കാലഘട്ടത്തിലും മനുഷ്യനേട്ടങ്ങളുടെ നിരവധി നാഴികക്കല്ലുകൾ പിന്നിടാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ദ്രൗപദി മുർമു പറഞ്ഞു.




