കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ അഭാവം നികത്താൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അടിയന്തിര ഇടപെടൽ. ഒരു അസോസിയേറ്റ് പ്രൊഫസറുടെയും രണ്ട് അസി. പ്രൊഫസർ തസ്തികകളും മൂന്ന് കോളേജുകളിൽ നിന്നായി ഇവിടേക്ക് പുനർവിന്യസിച്ചാണ് വിദ്യാർത്ഥികളുടെ പഠനപ്രയാസം അവസാനിപ്പിക്കാൻ മന്ത്രി ഡോ. ആർ ബിന്ദു വഴിയൊരുക്കിയത്.
സ്ഥിരമായാണ് ഈ തസ്തികകൾ കോഴിക്കോട് ഗവ. കോളേജിലേക്ക് പുനർവിന്യസിപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശപ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
അഞ്ചു വർഷത്തേക്ക് തസ്തികകൾ അനുവദിക്കില്ലെന്ന വ്യവസ്ഥയിലാണ് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ 2022-23 അക്കാദമിക വർഷത്തിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഡിസൈൻ കോഴ്സ് അനുവദിച്ചിരുന്നത്. ആദ്യ ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ അഞ്ചാം സെമസ്റ്ററിലെത്തി. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ഉയർന്ന ജയത്തോടെ ഇവിടെ പ്രവേശനം നേടിയ ഇവർക്ക് അവസാന വർഷമായതോടെ മൂന്ന് സ്ഥിരം അധ്യാപക തസ്തികകളെങ്കിലും വേണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. അതില്ലെങ്കിൽ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് വന്നപ്പോഴാണ് മന്ത്രി ഡോ. ബിന്ദു ഇടപെട്ട് പരിഹാരമുണ്ടാക്കിയത്.
തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗത്തിലെ ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗത്തിലെ ഓരോ അസി. പ്രൊഫസർ തസ്തികകളുമാണ് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് പുനർവിന്യസിച്ച് ഉത്തരവായത്.