ന്യൂഡൽഹി: കർണാടക, തമിഴ്നാട്, കേരളം, ഹരിയാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനങ്ങളോടും പ്രാദേശിക ആഘോഷങ്ങളോടും അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ആറ് സംസ്ഥാനങ്ങളുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും രാജ്യത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ഐടി, ബയോടെക്നോളജി, എയ്റോസ്പേസ്, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിലെ കർണാടകയുടെ നേട്ടങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. വ്യവസായം, വാഹനനിർമാണം, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ തമിഴ്നാട് നൽകിയ സംഭാവനകളെയും പ്രശംസിച്ചു.
കേരളത്തിന്റെ ആരോഗ്യരംഗം, വിദ്യാഭ്യാസം, സംരംഭകത്വം, ശാസ്ത്രം എന്നീ മേഖലകളിലെ നേട്ടങ്ങളെ അഭിനന്ദിച്ച മോദി, ഹരിയാനയുടെ കാർഷിക, കായിക, പ്രതിരോധ മേഖലകളിലെ സംഭാവനകളെയും പരാമർശിച്ചു.
ഛത്തീസ്ഗഢിന്റെ ഗോത്രസംസ്കാരം, പ്രകൃതിവിഭവങ്ങൾ, വികസന മുന്നേറ്റങ്ങൾ എന്നിവയെയും മധ്യപ്രദേശിന്റെ കൃഷി, വ്യവസായം, വിനോദസഞ്ചാരം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ആറ് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും പുതിയ അവസരങ്ങളും ആശംസിക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു.





