Business Economy Farming Health India Kerala News science Technology

ഹൈടെക് ആരോഗ്യഭക്ഷ്യ ഉത്പന്നങ്ങളുമായി കുടുംബശ്രീ; പഞ്ചസാരയില്ലാത്ത പ്രോട്ടീൻ സമൃദ്ധ ഉത്പന്നങ്ങൾ വിപണിയിലേക്ക്

ആലപ്പുഴ: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചസാരയില്ലാത്തതും പ്രോട്ടീൻ സമൃദ്ധവുമായ ഹൈടെക് ഭക്ഷ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. കാർഷിക ഉപജീവനമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്ന ‘കെ-ടാപ്’ പദ്ധതിയിലെ ‘കെ-ഇന’ വിഭാഗത്തിലൂടെയാണ് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്.

പദ്ധതിയുടെ ഭാഗമായി 30 പുതിയ സാങ്കേതികവിദ്യകളിലെ പരിശീലനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കെ-ടാപ് പദ്ധതിയുടെ ഭാഗമായി സ്വന്തമാക്കിയ 180 സാങ്കേതികവിദ്യകളിൽ നിന്ന് 30 എണ്ണം ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ ഇതിനകം പുറത്തിറക്കിയിരുന്നു. ഇതിന് പുറമേയുള്ള 30 സാങ്കേതികവിദ്യകളിലാണ് ഇപ്പോൾ പരിശീലനം പൂർത്തിയായിരിക്കുന്നത്.

പരമ്പരാഗത ഭക്ഷ്യസംസ്കരണ രീതികൾ, ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന കുറഞ്ഞ വിപണിമൂല്യം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും സർട്ടിഫിക്കേഷനുകളും ഇല്ലാത്തത് തുടങ്ങിയ പ്രശ്നങ്ങൾ കുടുംബശ്രീ സംരംഭങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഈ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണവിഭാഗത്തിൽ പ്രമേഹരോഗികൾക്ക് ഉപയോഗിക്കാവുന്ന കേക്ക് മിക്സ്, ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ, കൂടുതൽ പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങൾ, പഞ്ചസാര ചേർക്കാത്ത വിഭവങ്ങൾ എന്നിവ ഉൾപ്പെടും.

കാർഷിക മൂല്യവർധിത വിഭാഗത്തിൽ തേൻ ചേർത്തുള്ള ഉത്പന്നങ്ങൾ, നാളികേരം, മുരിങ്ങ, ചെറുധാന്യങ്ങൾ, വിവിധതരം കിഴങ്ങുകൾ എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും ഉൾപ്പെടും. ബഹുധാന്യ റൊട്ടി, പഴച്ചാറുകൾ, ഉടൻ തയ്യാറാക്കാവുന്ന ഭക്ഷ്യമിശ്രിതങ്ങൾ എന്നിവയ്ക്കൊപ്പം സോപ്പ്, ചന്ദനത്തിരി പോലുള്ള ഉത്പന്നങ്ങളും വിപണിയിലെത്തിക്കും.

ആദ്യഘട്ടത്തിൽ ഡയബറ്റിക് മിക്സ്, വിവിധതരം പാനീയങ്ങൾ, കോഫി ക്യൂബുകൾ, വെർജിൻ കോക്കനട്ട് ഓയിൽ, ന്യൂട്രിബാർ, ബേബി പൗഡർ, കപ്പയും ഏത്തപ്പഴവും ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും വിപണിയിലെത്തിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *