തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണെന്നും, കേസിൽ ഇന്ന് ഉണ്ടായ കോടതി വിധി ഇ.ഡി.യുടെ കുറ്റപത്രത്തിലുള്ള ആരോപണങ്ങൾക്ക് സാധൂകരണം നൽകുന്നതാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ പറഞ്ഞു. തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി. സമർപ്പിച്ച കുറ്റപത്രത്തിലെ സുപ്രധാന ആരോപണങ്ങൾ കോടതി അംഗീകരിച്ചിരിക്കുകയാണെന്ന് അനീഷ്‌കുമാർ പറഞ്ഞു. വാദിയുടെയും പ്രതിയുടെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഈ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്രയും നാൾ കരുവന്നൂർ കേസിലെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ബിജെപി കെട്ടിച്ചമച്ച കഥകളാണെന്നും സിപിഎം പ്രചരിപ്പിച്ചിരുന്നുവെങ്കിലും, കോടതിയുടെ പുതിയ വിധി ബിജെപി ഉയർത്തിക്കാട്ടിയ കാര്യങ്ങൾ ശരിവെക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം പാർട്ടിയെ തന്നെ പ്രതിയാക്കിയിരിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളെ വഞ്ചിക്കുകയും അവരുടെ നിക്ഷേപങ്ങൾ അപകടത്തിലാക്കുകയും ചെയ്തതിന് സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നും നിരവധി നിക്ഷേപകർക്ക് ബാങ്കിൽ നിന്ന് സ്വന്തം പണം പൂർണമായി തിരിച്ചുകിട്ടാത്ത അവസ്ഥ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ 67-ാം പ്രതിയായ എ.സി. മൊയ്തീൻ എംഎൽഎയും 70-ാം പ്രതിയായ കെ. രാധാകൃഷ്ണൻ എംപിയും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കണമെന്നും അനീഷ്‌കുമാർ ആവശ്യപ്പെട്ടു. അന്വേഷണവും നിയമനടപടികളും മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഇരുവരും പൊതുപ്രവർത്തനത്തിലെ ധാർമ്മികതയുടെ ഭാഗമായി സ്ഥാനമൊഴിയണമെന്നും രാജ്യത്തെ നിയമവ്യവസ്ഥയോട് സിപിഎമ്മിന് ബഹുമാനമുണ്ടെങ്കിൽ കുറ്റക്കാരോട് രാജിവെക്കാൻ സിപിഎം നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം ജില്ലാ സെക്രട്ടറിമാരുടെ നിർദ്ദേശത്താൽ അനധികൃതമായി കോടിക്കണക്കിന് രൂപയുടെ വ്യാജ വായ്പകൾ അനുവദിച്ചെന്നും, വായ്പാ ഇടപാടുകളിൽ നിന്ന് കമ്മീഷൻ കൈപ്പറ്റുന്നതിനായി വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറന്നുവെന്നും ജില്ലാ സെക്രട്ടറിയുടെ പേരിൽ ഭൂമി വാങ്ങിയെന്നും ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയുടെ മുന്നിലെത്തിയത് കോടതിയ്ക്ക് പരിശോധിച്ച് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി വിധിയെന്നും അനീഷ്‌കുമാർ പറഞ്ഞു.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സത്യം പുറത്തുവന്നിരിക്കുകയാണെന്നും, ജനങ്ങളോട് സംഭവിച്ച തെറ്റുകൾ സമ്മതിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും സിപിഎം തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി എന്നിവരും അദ്ദേഹത്തിൻ്റെ ഒപ്പം ഉണ്ടായിരുന്നു.





