സംരക്ഷിത വനമേഖലയിലെ ഇരുമ്പയിരുള്ള മണ്ണ് കടത്തിയ സംഭവത്തില്‍ ഗോവയിലെ റിവർ നാവിഗേഷൻ വകുപ്പ് മന്ത്രി സുഭാഷ് ഫാൽ ദേശായിക്കെതിരെ വനവകുപ്പ് ഉദ്യോഗസ്ഥ പൊലീസ് പരാതി നല്‍കി.
കുര്‍ദി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സോണിയ ബി. റാണെയാണ് ക്വേപേം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സാങ്ഗേം താലൂക്കിലെ കൊളോംബ ഗ്രാമത്തിലെ സര്‍ക്കാര്‍ വനഭൂമിയില്‍ നടന്നതായി ആരോപിക്കുന്ന അനധികൃത മണ്ണെടുപ്പിനും കടത്തലിനുമെതിരെ നടപടി സ്വീകരിക്കാന്‍ ശ്രമിച്ച വനവകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രിയും അനുയായികളും തടഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്.
കൊളോംബ ഗ്രാമത്തിലെ സര്‍വേ നമ്പര്‍ 105 ഉള്‍പ്പെടുന്ന സര്‍ക്കാര്‍ വനഭൂമിയില്‍ സസ്യങ്ങൾ നീക്കം ചെയ്ത് മണ്ണ് കുഴിച്ചെടുക്കുകയും പിന്നീട് അത് കടത്തുകയും ചെയ്യുന്നതായി വനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്.
രണ്ട് എക്‌സ്‌കവേറ്ററുകളും നാല് ലോറികളും ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.





