തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള അതിതീവ്ര ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി രൂപപ്പെട്ടത്. ഇത് ഇന്ന് ഉച്ചയ്ക്ക് ശേഷം കാരയ്ക്കല്‍-മഹാബലിപുരം മേഖലയിലൂടെ കരയിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും ഞായറാഴ്ചയും ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനൊപ്പം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് (ഞായര്‍) ജില്ലകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ (തിങ്കള്‍) ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഗ്രത പാലിക്കണമെന്നതും മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.





