നിക്കോബാർ ദ്വീപ് സമൂഹത്തിനെ തന്ത്രപ്രധാനമായ സമുദ്ര-സാമ്പത്തിക കേന്ദ്രമായി വികസിപ്പിക്കുന്നതിനായി ഗ്രേറ്റ് നിക്കോബാർ പദ്ധതി മുന്നോട്ട് വെച്ച് കേന്ദ്ര സർക്കാർ.
ആഗോള കപ്പൽഗതാഗത മാർഗത്തിനെ ആശ്രയിക്കുന്ന ഇന്ത്യ ഈ പുതിയ പദ്ധതി വരുന്നതോടെ വിദേശ ട്രാൻഷിപ്പ്മെൻ്റ് തുറമുഖങ്ങളിലുള്ള ആശ്രയം കുറയ്ക്കുകയും രാജ്യത്തിെൻ്റെ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ഇൻ്റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെൻ്റ് ടെർമിനൽ, ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം, ഗ്യാസ്–സോളാർ വൈദ്യുത നിലയം, ടൗൺഷിപ്പ് എന്നിവയാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങൾ. 2025 മുതൽ 2047 വരെ മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കും.
പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വനഭൂമിയുടെ പരിമിതമായ ഉപയോഗം, പകരം വനവൽക്കരണം, കർശനമായ അനുമതി വ്യവസ്ഥകൾ എന്നിവ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷോംപെൻ, നിക്കോബറീസ് ഉൾപ്പെടെയുള്ള ആദിവാസി സമൂഹങ്ങളെ മാറ്റിപ്പാർപ്പിക്കില്ലെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉൾക്കൊള്ളലും സമന്വയിപ്പിക്കുന്ന മാതൃകാപദ്ധതിയായാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതിയെ വിലയിരുത്തുന്നത്.





