ചെന്നൈ: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ അടുത്ത മൂന്ന് മുതൽ നാല് ദിവസം വരെ കൂടുതൽ ശക്തിയാർജിക്കാൻ അനുകൂല സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിൻ്റെ ഭാഗമായി തമിഴ്നാട്ടിലെ 15-ലേറെ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ റീജിയണൽ മെറ്റീരിയോളജിക്കൽ സെൻ്റർ (ആർഎംസി) അറിയിച്ചു.
വ്യാഴാഴ്ച പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം തിരുനെൽവേലി, കന്യാകുമാരി, നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, സേലം, ധർമപുരി, കൃഷ്ണഗിരി, തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വിളുപ്പുറം, കള്ളക്കുറിച്ചി, തേനീ, ദിണ്ടിഗൽ, കടലൂർ, മയിലാടുതുറൈ ജില്ലകളിലും പശ്ചിമഘട്ട മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഇടിമിന്നലോടെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റോടും കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
അതേസമയം, ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജൂൺ 11 മുതൽ 14 വരെ തമിഴ്നാട്, പുതുച്ചേരി, കാരൈക്കാൽ മേഖലകളിൽ പരമാവധി താപനില കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.




