International News

യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; ഓവർസ്റ്റേ പിഴ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാൻ അവസരം

ദുബായ്: വ്യോമാതിർത്തി അടച്ചതും വിമാന സർവീസുകൾ റദ്ദായതും മൂലം യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് വലിയ ആശ്വാസമായി ഓവർസ്റ്റേ പിഴ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP)യാണ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റ് വിസകളിൽ എത്തിയ സന്ദർശകരും, എക്സിറ്റ് പെർമിറ്റ് ലഭിച്ചവരും, രാജ്യം വിടാൻ റെസിഡൻസി പെർമിറ്റ് റദ്ദാക്കിയ താമസക്കാരും ഉൾപ്പെടെ നിരവധി വിഭാഗങ്ങൾക്കാണ് ഈ ആനുകൂല്യം ബാധകമാകുന്നത്. 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ ചുമത്തപ്പെട്ട പിഴകൾക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക.

സാധാരണയായി വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 50 ദിർഹം വീതം പിഴ ഈടാക്കാറുണ്ട്. എന്നാൽ യാത്രക്കാരുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇതിലൂടെ യാത്രക്കാർക്ക് നിയമപരമായ നില ക്രമപ്പെടുത്താനും തടസ്സമില്ലാതെ രാജ്യം വിടാനും സൗകര്യമുണ്ടാകും. അതേസമയം, നിലവിലെ സാഹചര്യത്തിൽ വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തതയില്ല എന്നതും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *