പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. ടെഹ്റാൻ ഉൾപ്പെടെ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്കാണ് കഴിഞ്ഞ രാത്രിയും അമേരിക്കയും ഇസ്രയേലും ശക്തമായ ആക്രമണം നടത്തിയത്. ഇറാന്റെ മിസൈൽ ലോഞ്ചിങ് പാഡുകളും ആയുധ ശേഖരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ മിസൈൽ ശേഷിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയതായി യുഎസ് അവകാശപ്പെട്ടു. ഗൾഫ് മേഖലയിലേക്ക് ഇറാൻ തുടർച്ചയായി നടത്തുന്ന മിസൈൽ ആക്രമണങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം, ആക്രമണം കൂടുതൽ കടുപ്പിച്ചാൽ ഇസ്രയേലിലെ ഡിമോണ ആണവകേന്ദ്രം ലക്ഷ്യമാക്കാമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ കുവൈത്ത് തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെയായി ഒരു ചരക്കുകപ്പലിൽ സ്‌ഫോടനം ഉണ്ടായതോടെ കപ്പലിലെ എണ്ണ കടലിലേക്ക് പരന്നതായി റിപ്പോർട്ടുണ്ട്. കപ്പലിലേക്ക് വെള്ളം കയറുന്നതായും അറിയുന്നു. സംഭവത്തിൽ കപ്പലിലുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ലെബനനിലെ ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുണ്ട്. ഹിസ്ബുള്ളയുമായി ബന്ധമുള്ള കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ വ്യക്തമാക്കിയപ്പോൾ, ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ദോഹയിലെ യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഖത്തർ അധികൃതർ താൽക്കാലികമായി ഒഴിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.





