തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം കുറിച്ചു. പരീക്ഷകൾ ഈ മാസം 30-ന് അവസാനിക്കും. സംസ്ഥാനത്താകെ 3031 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുന്നത്.
കേരളത്തിൽ 4,17,497 വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 633 വിദ്യാർത്ഥികളും, ലക്ഷദ്വീപിൽ 386 വിദ്യാർത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ മൂലം ഗൾഫിലെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷ മാറ്റിവച്ചു. അതോടൊപ്പം, ഇന്നും നാളെയും മറ്റന്നാളും നടത്താനിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
പരീക്ഷ നടത്തിപ്പിനായി 26,000 അധ്യാപകരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 7 മുതൽ ആരംഭിച്ച് 28-ന് പൂർത്തിയാകും. എസ്എസ്എൽസി പരീക്ഷയുടെ ഫലം മെയ് മൂന്നാം വാരത്തിനുള്ളിൽ പ്രഖ്യാപിക്കാനാണ് തീരുമാനം.
ഇതിനിടെ, ഹയർ സെക്കൻഡറി ഒന്നാം വർഷവും വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷവും പരീക്ഷകൾ ഇന്ന് ആരംഭിച്ച് 27-ന് അവസാനിക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിച്ച് 28-ന് അവസാനിക്കും.
ഈ വർഷം 4,11,025 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും, 4,52,437 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. കൂടാതെ 34,122 വിദ്യാർത്ഥികൾ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയും എഴുതുന്നുണ്ട്. ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 22-ന് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.





