
കുന്നമംഗലം: സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ കോഴിക്കോട് ജില്ലാ സോയിൽ സർവ്വേ വിഭാഗം കുന്നമംഗലം ബ്ലോക്കിൽപെട്ട കർഷകർക്ക് കൃഷി വികസനകർഷക ക്ഷേമ വകുപ്പുമായി സഹകരിച്ചു ക്ഷോണി നിറവ് സംഘടിപ്പിച്ചു.

മണ്ണ് പരിശോധന ക്യാമ്പയിൻ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ഫസീല മാവിൻ തൈക്കു വെള്ളമൊഴിച്ചു ഉദ്ഘാടനം ചെയ്തു.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം അധ്യക്ഷത വഹിച്ച പരിപാടിയിൽ കർഷകർക്കുള്ള പച്ചക്കറി വിത്ത് വിതരണം കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ എം. എ സുധീർ ബാബു. പദ്ധതി വിശദീകരണം നടത്തി.

പരിപാടിയുടെ ഭാഗമായി ശാസ്ത്രീയമായ പച്ചക്കറി കൃഷിയെ പറ്റി കേരള കാർഷിക സർവകലാശാലയുടെ വെങ്ങേരി എ ഐ എസ് സി ഫാം മാനേജർ സന്ധ്യ. എം. മണ്ണ് പരിശോധനയുടെ പ്രസക്തി, മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന വിഷയത്തിൽ സോയിൽ സർവ്വേ ഓഫീസർ ധന്യ ബാലഗോപാൽ എന്നിവർ കർഷകർക്ക് ക്ലാസ്സ് നയിച്ചു.

കുന്നമംഗലം സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ കുന്നമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാജി പി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ആയിഷ. ടി. പി, കുന്നമംഗലം ബി. ഡി. ഓ സതീഷ് കുമാർ, കെ വി. മണ്ണ് പര്യവേക്ഷണ ഓഫീസർ ഇ. കെ രഹിയാനത്ത്, കുന്നമംഗലം കൃഷി ഓഫീസർ ഇ. ജെ. ദീപ എന്നിവർ സംസാരിച്ചു.

പരിപാടിയിൽ കർഷകർ കുന്നമംഗലം ബ്ലോക്കിൽപെട്ട കൃഷിഭവനുകളിലെ ഓഫീസർമാർ മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.




