Kerala

ഇടത്-വലത് മുന്നണികളുടെ വിശകലനം ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷവും തുടരും: കെ.സുരേന്ദ്രൻ

പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും എല്‍ഡിഎഫും, ബിജെപി നേടിയ വിജയത്തെ ഓര്‍ത്ത് യുഡിഎഫും നടത്തുന്ന വിശകലനം അടുത്തകാലത്ത് അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി പാലക്കാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് ശേഷവും അവര്‍ക്ക് തുടര്‍ച്ചയായി വിശകലനം നടത്തേണ്ടി വരും.
കേരളത്തില്‍ സിപിഎം സമ്പൂര്‍ണ തകര്‍ച്ചയിലാണ്. യുഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല.
ഭരണവിരുദ്ധ വികാരത്തിന്റെ ഒരു പ്രയോജനവും യുഡിഎഫിന് ലഭിക്കാത്ത ഏക തെരഞ്ഞെടുപ്പായിരുന്നു ഇത്. കേരളത്തില്‍ ബിജെപിക്കെതിരെ കഴിഞ്ഞ ആറുപതിറ്റാണ്ടായി ഇരുമുന്നണികളും നടത്തിവന്ന പ്രചാരണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ബിജെപിയുടെ വിജയം.
എല്‍ഡിഎഫ് പരാജയത്തില്‍ നിന്നും ഒരുപാഠവും പഠിച്ചിട്ടില്ല. തിരിത്തലുകള്‍ വരുത്തുമെന്ന് പറയുകയല്ലാതെ ഒന്നിനും കഴിയുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അസ്തമയത്തിലേക്ക് നീങ്ങുമ്പോള്‍ ദേശീയ പ്രസ്ഥാനമായ ബിജെപി ഉദിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
തോല്‍വിയുടെ ആഘാതം മനസിലാവണെങ്കില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബീജാവാഹം നടത്തിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യണം. പയ്യന്നൂരും, കരിവള്ളൂരും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സിപിമ്മിന്റെ വോട്ട് ശതമാനം പരിശോധിച്ചാല്‍ അറിയാം. പിണറായി വിജയന്റെ ബൂത്തില്‍ മാത്രം ബിജെപിക്ക് 100 വോട്ടിന്റെ വര്‍ധനവുണ്ടായി. പുന്നപ്രയിലും വി.എസ്. അച്യുതാനന്ദന്റെ ബൂത്തിലും ബിജെപി ലീഡ് ചെയ്തു.
സംസ്ഥാനത്തെ പ്രധാന തീര്‍ത്ഥാലയങ്ങള്‍, അരുവിപ്പുറം, ശിവഗിരി, കണ്ണന്മൂല തുടങ്ങി സാമൂഹിക നവോത്ഥാന കേന്ദ്രങ്ങളിലെല്ലാം ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടായി. വൈക്കം സത്യഗ്രഹം നടന്ന മണ്ണില്‍ ബിജെപിക്ക് വന്‍ നേട്ടമുണ്ടായി. ശശി തരൂര്‍, എ.കെ. ആന്റണി, എന്നിവര്‍ വോട്ട് ചെയ്ത ബൂത്തുകളില്‍ പോലും ബിജെപിയാണ് മുന്നില്‍. സിറ്റിങ് എംപിമാരുടെ ബൂത്തില്‍ പോലും ബിജെപി മുന്നില്‍. ബിജെപിയുടെ വോട്ട് വര്‍ധന എല്‍ഡിഎഫിനും യുഡിഎഫിനും തിരിച്ചടിയായിരിക്കുകയാണ്. തെറ്റുതിരുത്തുമെന്ന് പറയുകയല്ലാതെ എല്‍ഡിഎഫ് ഒന്നും ചെയ്യുന്നില്ല.
കൊയ്‌ലാണ്ടി എസ്എൻഡിപി കോളേജ് പ്രിന്‍സിപ്പലിനെ പരസ്യമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്യുവാനോ തള്ളിപറയാനോ മുഖ്യമന്ത്രിയോ, സിപിഎം നേതൃത്വമോ തയ്യാറാകുന്നില്ല. വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിയോ, മറ്റുനേതാക്കളോ ഒരക്ഷരം മിണ്ടുന്നില്ല. തെറ്റുതിരുത്തുന്നതിന് തയ്യാറല്ലെന്ന് മാത്രമല്ല ധിക്കാരപരമായ നിലപാടിലേക്ക് സിപിഎം പോകുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സര്‍വനാശത്തിന്റെ വക്കിലാണ് സിപിഎം. അതേസമയം ഇടതുപക്ഷം നശിച്ചുകാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
ഇടതുപക്ഷത്തെ സമ്പൂര്‍ണ പതനത്തിലേക്ക് നയിച്ചത് നേതാക്കളാണ്. പിണറായി വിജയനും കുടുംബവും നടത്തുന്ന അഴിമതി അവസാനിപ്പിച്ചിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ ഗതികേടുണ്ടാവില്ലായിരുന്നു. പാര്‍ട്ടി പ്ലീനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ പിണറായി വിജയന് മാത്രം ഇളവ് നല്‍കി അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിദേശയാത്രകളും, കച്ചവടങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്ക് അറിയേണ്ട. പാര്‍ട്ടി തത്വങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സിപിഎമ്മിന്റെ നാശത്തിലേക്ക് നയിച്ചുവെന്ന് പറയാനുള്ള ആര്‍ജ്ജവം ഒരു നേതാവിനുമില്ല.
ഒരു സീറ്റില്‍ നിന്നും 20 സീറ്റിലേക്കുള്ള ബിജെപിയുടെ വിജയം വിദൂരമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ചിലരുടെ സമനില തെറ്റി. സിപിഎമ്മിന്റെ മുസ്ലിം നേതാക്കളെ പോലും പാര്‍ട്ടിയിലെ മുസ്ലിം സഖാക്കള്‍ കൈവിട്ടു. വര്‍ഗീയതക്ക് കൂട്ടുപിടിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗതി ചില മാധ്യമങ്ങള്‍ക്കും ഉണ്ടാവുമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന തച്ചമ്പാറ ഗ്രാമപഞ്ചായത്ത് മെമ്പറും സിപിഐ പാലക്കാട് ജില്ലാ കൗണ്‍സില്‍ അംഗവുമായ ജോര്‍ജ് തച്ചമ്പാറയും സഹപ്രവര്‍ത്തകരും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഷാളണിയിച്ച് സ്വീകരിച്ചു.
ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് പി. രഘുനാഥ്, സെക്രട്ടറി രേണുസുരേഷ്, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്, ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍, മേഖല സംഘടന സെക്രട്ടറി കെ.പി. സുരേഷ്, ജില്ല ജനറല്‍ സെക്രട്ടറിമാരായ പി. വേണുഗോപാലന്‍, എ.കെ. ഓമനക്കുട്ടന്‍, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *