പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർക്കശമായും ഇടപെടാൻ പൊലീസിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയൻ എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ 333 പോലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ സംസ്ഥാനം ജനകീയ പൊലീസിങ് നയമാണ് നടപ്പാക്കിവരുന്നത്. ഇതിൽ പൊലീസിന്റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ നല്ലതോതിൽ മുന്നോട്ടുപോകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സുഹൃത്തായി പ്രവർത്തിക്കുന്നതിനൊപ്പം കുറ്റവാളികൾക്ക് ഒരുതരത്തിലും സ്വാധീനിക്കാൻ കഴിയാത്തവരാണ് പൊലീസ് എന്ന സന്ദേശം കൃത്യമായി നൽകാനും നിങ്ങൾക്ക് കഴിയണം- മുഖ്യമന്ത്രി പറഞ്ഞു.
വയനാട് നമ്മുടെ എല്ലാം മനസ്സിൽ വല്ലാത്ത വേദനയായി നിൽക്കുകയാണ്. ഉള്ളുപൊള്ളിക്കുന്ന വേദന കേരളമാകെ അനുഭവിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്രവലിയ ദുരന്തമുണ്ടായിട്ടില്ല. കേരളത്തെ മാത്രമല്ല രാജ്യത്തെയാകെയും ലോകത്തെമ്പാടുമുള്ള മനുഷ്യരെയും ഇത് വേദനിപ്പിച്ചു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകാപരമാണ്. നമ്മുടെ നാടിന്റെ ഉന്നതമായ സംസ്കാരം വെളിവാക്കുമാറ് എല്ലാതരം വ്യത്യാസങ്ങൾക്കും അതീതമായ രക്ഷാദൗത്യമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ പ്രധാന പങ്കുവഹിക്കുന്ന സേനയാണ് കേരള പൊലീസ്. കുറ്റകൃത്യങ്ങൾ തടയുക മാത്രമല്ല, ആപത് ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കുന്നത് കൂടിയാണ് തങ്ങളുടെ കർത്തവ്യം എന്ന് കേരള പൊലീസ് കാട്ടിത്തരുകയാണ്. മുൻപും നാടിത് അനുഭവിച്ചിട്ടുണ്ട്. കോവിഡ് കാലത്തും പ്രളയകാലത്തും പൊലീസ് സേനയുടെ കരുതൽ നാട് അനുഭവിച്ചതാണ്.
മഹാമാരിക്കാലത്ത് മാത്രമല്ല മഹാദുരന്തത്തിന്റെ വേളകളിലും ജനങ്ങളോടൊപ്പം തങ്ങളുണ്ടാകും എന്ന് ഇപ്പോൾ ഒരിക്കൽ കൂടി കേരള പൊലീസ് തെളിയിച്ചിരിക്കുന്നു. മനുഷ്യ സ്നേഹത്തിന്റെ ഈ ഉദാത്തമായ സത്ത കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കേവർക്കും കഴിയണം. രാജ്യത്തെ പൊലീസ് സേനക്ക് പലനിലകളിൽ മാതൃകയാകാൻ കേരള പൊലീസിന് ഇന്ന് കഴിയുന്നുണ്ട്. ക്രമസമാധാന പരിപാലനം, ശാസ്ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരള പൊലീസ് രാജ്യത്ത് ഒന്നാംസ്ഥാനത്താണ്. പൊലീസ് സേനയെ ആധുനികവത്കരിക്കുന്നതിനും നവീകരിക്കുന്നതിനും സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങളാണ് ഇതിനെല്ലാം ഇടയാക്കിയിട്ടുള്ളത്. പൊലീസ് സേനയുടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ശാസ്ത്രീയമായ കുറ്റാന്വേഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സൈബർ ഫോറൻസിക് മേഖലയിൽ ആധുനിക പരിശീലനം ഏർപ്പെടുത്തുന്നതിനും, വനിത പ്രാതിനിധ്യം ഉറപ്പാക്കി സേനയുടെ അംഗബലം വർധിപ്പിക്കുന്നതിനും ഈ കാലയളവിൽ കഴിഞ്ഞു. സർക്കാർ മാതൃകാപരമായി ഇടപെടുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്. അതിന്റെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാൻ സേനയിലെ ഓരോ അംഗത്തിനും ഉത്തരവാദിത്തമുണ്ട്.
പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റും വിധം പൊലീസിനെ നവീകരിക്കാനായി ആരംഭിച്ച ഇക്കണോമിക് ഒഫൻസ് പ്രിവൻഷൻ വിങ്, സൈബർ പട്രോളിങ്, സൈബർ ഡോം തുടങ്ങിവയിലൂടെ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ വളരെ പെട്ടെന്ന് കണ്ടെത്തി തടയാൻ നമുക്കിന്ന് സാധിക്കുന്നു. വിദേശരാജ്യങ്ങളിൽപ്പോലും പോയി പ്രതികളെ പിടികൂടാൻ കഴിയുന്നു. ഇതൊക്കെ മുൻനിർത്തിയാണ് സൈബർ പൊലീസിങ് രംഗത്തെ മാതൃകാ സംസ്ഥാനമായി കേരളം ഇന്ന് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിനാകെ മാതൃകാപരമായി പ്രവർത്തിക്കുന്ന അത്തരമൊരു സേനയിലേക്കാണ് നിങ്ങൾ കടന്നുവരുന്നത് എന്ന് ഓർമിപ്പിക്കാനാണ് ഇത് പറഞ്ഞത്. പൊലീസിന്റെ ആപ്തവാക്യമായ ‘മൃദുഭാവേ, ദൃഢ കൃത്യേ’ എന്ന സന്ദേശം അന്വർതഥമാക്കുന്ന വിധമുള്ള പ്രവർത്തനമാണ് നിങ്ങളിൽ നിന്ന് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ പാസിങ് ഔട്ട് പരേഡിലും കാണുന്ന പ്രത്യേകത ഇവിടെയും ആവർത്തിക്കുന്നുണ്ട്. ധാരാളം ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള ആളുകളാണ് ഈ രണ്ട് ബാച്ചിലും ഉള്ളതെന്നതാണത്. ഇത് നമ്മുടെ പൊലീസിന്റെ നിലവാരത്തെ വലിയ തോതിൽ ഉയർത്തുന്നതിന് സഹായിക്കുന്ന ഘടകമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പേരൂർക്കട എസ് എ പി ക്യാമ്പ് മൈതാനത്ത് നടന്ന പാസിങ്ഔട്ട് പരേഡിൽ സ്പെഷ്യൽ ആംഡ് പൊലീസിൽ പരിശീലനം പൂർത്തിയാക്കിയ 179 പേരും കേരള ആംഡ് പൊലീസിന്റെ കുട്ടിക്കാനത്തെ അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 154 പേരും പങ്കെടുത്തു. തിരുവനന്തപുരം പനവൂർ സ്വദേശിയും റിക്രൂട്ട് ട്രെയിനിങ് കോൺസ്റ്റബിളുമായ പരേഡ് കമാൻഡർ അക്ഷയ് എസ് പരേഡ് നയിച്ചു. എസ് എ പിയിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ഇൻഡോർ കേഡറ്റായി എസ് പി ജയകൃഷ്ണനും മികച്ച ഔട്ട്ഡോർ കേഡറ്റായി എം ആനന്ദ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. എസ്. സാജിർ ആണ് മികച്ച ഷൂട്ടർ. വി കെ വിജേഷാണ് ഓൾ റൗണ്ടർ. കെ.എ.പി അഞ്ചാം ബറ്റാലിയനിൽ പരിശീലനം നേടിയ ഏറ്റവും മികച്ച ഇൻഡോർ കേഡറ്റ് എം എം വിഷ്ണുവാണ്. എൽ ആർ രാഹുൽ കൃഷ്ണൻ മികച്ച ഔട്ട്ഡോർ കേഡറ്റും ഡോൺ ബാബു മികച്ച ഷൂട്ടറുമായി. എം എസ് അരവിന്ദാണ് ഓൾ റൗണ്ടർ.