ശബരിമല: തീർത്ഥാടന കാലത്തിന്റെ ആരംഭത്തിൽ ശബരിമലയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ, ദർശനസമയം മൂന്നു മണിക്കൂർ കൂടി നീട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഉച്ചയ്ക്ക് 1 മണിക്ക് നട അടയ്ക്കുന്നതിന് പകരം, 3 മണിവരെ ദർശനം നടത്താൻ അവസരം ഉണ്ടാകും. വൈകീട്ട് 4 മണിക്ക് നട വീണ്ടും തുറക്കും.
മാസപൂജ സമയത്ത് ഇത് പോലൊരു വലിയ തിരക്ക് ആദ്യമായാണെന്ന് ക്ഷേത്ര അധികൃതർ പറയുന്നു. ആയിരക്കണക്കിന് ഭക്തർ നടപ്പന്തലിലും പുറത്തുമായി കാത്തുനിൽക്കുമ്പോൾ, 18-ാം പടിയിലേക്ക് കയറാൻ മണിക്കൂറുകൾ നീണ്ടു കാത്തിരിക്കേണ്ട അവസ്ഥയിലാണ് തീർത്ഥാടകർ.