
ഗുരുവയൂർ ചെമ്പൈ സംഗീതോത്സവത്തിൽ വിസ്മയമായി ഡോ. ചാന്ദ്നി നായർ.
ജന്മനാ പോളിയോ ബാധിച്ചതിന്റെ ശാരീരിക വെല്ലുവിളികളെ ഗുരുവായൂരപ്പ ഭക്തിയും സംഗീതവും മരുന്നാക്കി അതിജീവിച്ച് ഡോ. ചാന്ദ്നി നായർ. ചെമ്പൈ സംഗീതോത്സവ വേദിയിൽ ശ്രോതാക്കളുടെ മനം കവർന്നു.
ബാംഗ്ലൂരിൽ നിന്നെത്തിയാണ് ഇവർ ശ്രീഗുരുവായൂരപ്പന് മുന്നിൽ സംഗീതാർച്ചന നടത്തിയത്. ചെമ്പൈ സംഗീതോത്സവത്തിൻ്റെ ആറാം ദിനമായ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുനു സംഗീത മണ്ഡപത്തിൽ ചാന്ദ്നിയുടെ നാദാർച്ചന.
ഇവരുടെ ആലാപനം സദസ്സിന് പ്രചോദനവും അത്ഭുതവുമായി മാറി. ത്യാഗരാജ സ്വാമികളുടെ പ്രശസ്തമായ ‘കോരിനവര’ (രാഗം: രാമപ്രിയ) എന്ന കീർത്തനമാണ് ഡോ. ചാന്ദ്നി ഭാവസാന്ദ്രമായി ആലപിച്ചത്. ശ്രുതിശുദ്ധവും ഭക്തിനിർഭരവുമായ ആലാപനത്തിലൂടെ ശ്രോതാക്കളുടെ നിറഞ്ഞ കൈയ്യടി നേടിയാണ് ഇവർ വേദി വിട്ടത്. വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗത്തിൽ അകമ്പടിയായി.



