തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ നിർമ്മിക്കുന്ന ചപ്പാത്തിയുടെ വില വർധിപ്പിച്ചു. ഇപ്പോൾ ഒരു ചപ്പാത്തിക്ക് മൂന്ന് രൂപയായിരിക്കും (മുമ്പ് രണ്ട് രൂപ). പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് 30 രൂപയാണ് പുതിയ വില. നവംബർ 21 മുതലാണ് ഈ പുതുക്കൽ പ്രാബല്യത്തിൽ വന്നത്.
തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിൽ, ചീമേനി തുറന്ന ജയിൽ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല ജയിലുകൾ എന്നിവിടങ്ങളിലാണ് ജയിൽ ചപ്പാത്തി നിർമിക്കുന്നത്.
13 വർഷത്തിനുശേഷമാണ് ഈ വില വർധന. ഗോതമ്പുപൊടി, പാമോയിൽ, വെളിച്ചെണ്ണ, പാക്കിംഗ് കവർ, പാചകവാതകം എന്നിവയുടെ ചെലവുകളിലുണ്ടായ വർധനയാണ് പുതിയ വിലയ്ക്ക് പിന്നിൽ. 2011-ലാണ് ജയിലുകളിൽ ചപ്പാത്തി നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചത്.
ഫെബ്രുവരിയിലായിരിന്നു ജയിലുകളിൽ നിർമ്മിക്കുന്ന മറ്റു ഭക്ഷണവസ്തുക്കളുടെ വില പുതുക്കിയത്. ചിക്കൻ കറി മുതൽ പ്ലം കേക്ക് വരെ വൈവിധ്യമാർന്ന 21 ഭക്ഷണവസ്തുക്കൾ ആകർഷകവിലയ്ക്ക് ലഭ്യമാക്കുന്നു.





