കണ്ണൂർ: നരേന്ദ്രമോദിയുടെ ഗ്യാരണ്ടിയും പിണറായി വിജയൻ്റെ ഉറപ്പില്ലായ്മയും തമ്മിലാണ് കേരളത്തിൽ മത്സരമെന്ന് കേരള പദയാത്ര നായകൻ കെ.സുരേന്ദ്രൻ. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാവുമെന്നാണ് പിണറായി വിജയൻ അധികാരത്തിൽ വന്നത്. എന്നാൽ ഇപ്പോൾ പാവങ്ങളെ ശരിയാക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. പെട്ടിക്കട നടത്തുന്ന, ചെരുപ്പ് കുത്തുന്ന, ഉന്തുവണ്ടി ഉന്തുന്ന സാധാരണക്കാർക്ക് സ്വാനിധി പദ്ധതി പ്രകാരം സഹായം ചെയ്യുന്നതാണ് മോദിയുടെ ഗ്യാരണ്ടി. മോദി സർക്കാർ പാവങ്ങളുടെ സർക്കാരാണ്. പൊതുമേഖല സ്ഥാപനങ്ങളെ രക്ഷിക്കുന്ന സർക്കാരാണിത്. നഷ്ടത്തിലായ ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കിയത് നരേന്ദ്രമോദിയാണ്. കൈത്തറിക്കാരുടെയും നെയ്ത്തുകാരുടെയും നാടായ കണ്ണൂരിൽ അവരോട് നീതികാണിക്കാൻ പിണറായി വിജയന് സാധിച്ചില്ല. എന്നാൽ പരമ്പരാഗത തൊഴിലാളികൾക്ക് പിഎം വിശ്വകർമ്മയോജന പ്രകാരം പതിനായിരക്കണക്കിന് കോടി രൂപയാണ് മോദി അനുവദിച്ചത്. 10 വർഷം നരേന്ദ്രമോദി സർക്കാർ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. അതിൽ ജാതിയോ മതമോ ഇല്ല. ഈ സർക്കാർ എല്ലാവരോടൊപ്പമാണ്. എല്ലാവർക്കും വേണ്ടിയാണ്. എന്നാൽ കേരളത്തിൽ ഒരേ ഒരു കുടുംബത്തിന് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നത്. പൊതുഖജനാവിൽ നിന്നും 25 ലക്ഷം രൂപ ചിലവാക്കി മുഖ്യമന്ത്രിയുടെ മകൾക്ക് വേണ്ടി കേസ് നടത്തുകയാണ് സംസ്ഥാന സർക്കാർ. നെൽകർഷകരും ക്ഷീരകർഷകരും ആത്മഹത്യ ചെയ്യുമ്പോഴാണ് മകൾക്ക് വേണ്ടി കേസ് നടത്താൻ പോകുന്നത്. ഏത് വക്കീലിനെ വെച്ചാലും എത്ര കോടി ചിലവാക്കിയാലും മാസപ്പടി കേസിൽ ആരും രക്ഷപ്പെടില്ല. അഴിമതി സാർവ്വത്രികമാക്കിയ സർക്കാരാണ് പിണറായി വിജയൻ്റേത്. ഐഎൻഡി മുന്നണി അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്. ബീഹാറിലും ബംഗാളിലും തകർന്നു. ദില്ലിയിലും പഞ്ചാബിലും ഇല്ലാതായി.
ബലിദാനികളുടെ മണ്ണായ കണ്ണൂരിൽ സംസാരിക്കുമ്പോൾ വൈകാരികമായ അന്തരീക്ഷമാണ്. ആർഎസിഎസ്സിനും ബിജെപിക്കും ഒരു സ്വാധീനവുമില്ലാത്ത കാലത്തും ജീവൻ കൊടുക്കാൻ മടികാണിക്കാത്തവരുടെ നാട്. ജീവൻ പോയാലും കമ്മ്യൂണിസ്റ്റ് മാടമ്പിമാരുടെ മുമ്പിൽ മുട്ടുമടക്കാത്തവരുടെ നാട്. ഇവിടേക്ക് വരും മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിൽ പോയി പിണറായി സർക്കാർ കള്ളക്കേസിൽ കുടുക്കിയ പ്രവർത്തകരെ കണ്ടുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.