തൃശ്ശൂർ: കേരളത്തിൻ്റെ മാത്രം സാഹിത്യോത്സവമല്ല, ഇന്ത്യയുടെ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന സാർവ്വദേശീയ സാഹിത്യോത്സവ സമാപന ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ വർഷം ആരംഭിച്ച സാർവ്വദേശീയ സാഹിത്യോത്സവം വരും വർഷങ്ങളിലും തുടരും. അടുത്ത വർഷം ലോകോത്തര നിലവാരത്തിൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ നടത്തും. ഇന്ത്യയിൽ സർക്കാരിന് കീഴിൽ ഇത്തരത്തിലുള്ള സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് വിരളമാണ്. കേരളത്തിൽ മുമ്പ് തന്നെ ബിനാലെകൾ, സാഹിത്യോത്സവങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സംസ്ഥാനത്ത് സാർവ്വദേശീയ സാഹിത്യോത്സവത്തിനും തുടക്കമായി.
സാംസ്കാരിക മേഖലയ്ക്ക് വിശാലമായ ഇടങ്ങൾ നൽകുന്ന സംസ്ഥാനമാണ് കേരളം. സമൂഹത്തിൻ്റെ സൂക്ഷ്മ രാഷ്ട്രീയത്തെ നവീകരിക്കുന്ന എല്ലാ ഘടകങ്ങളും തൊട്ടു തലോടി ചേർത്ത് പിടിച്ച് കൂട്ടി പിടിച്ച് ലോകത്തിന് മാതൃകയായി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെടുത്ത് പരിശോധിച്ചാൽ ഏറ്റവും വലിയ പങ്ക് നിർവഹിച്ചിട്ടുള്ളത് കലയാണ്. ലോകത്തുള്ള ഏറ്റവും മഹത്തായ പുത്തൻ ആശയങ്ങളെ ഈ ചെറിയ ഭൂപ്രദേശത്തേക്ക് എത്തിക്കുന്നതിൽ സാഹിത്യവും കലയും വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. ഏറ്റവുമധികം വായനക്കാരുള്ള ഒരു നാടാണ് കേരളം. എല്ലാ വൈവിധ്യങ്ങളെയും ബഹുസ്വരതകളെയും രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന നാടാണ് കേരളം. ജനാധിപത്യപരമായ ഈ ആസ്വാദന സംസ്കാരമാണ് കേരളത്തെ ലോകത്തിന് മുമ്പിൽ ഉയർത്തി കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലോകത്ത് ഇന്ന് പ്രയാസപ്പെടുന്ന ജനങ്ങളുടെ പ്രതിരോധത്തിൻ്റെ ശബ്ദമാണ് ഈ സാർവ്വദേശീയ സാഹിത്യോത്സവത്തിലൂടെ ഉയർന്നത്. സാർവ്വദേശീയ സാഹിത്യോത്സവം സാഹിത്യ അക്കാദമിയുടെ ഒരു വലിയ ചുവടുവെപ്പാണ്. ഏറ്റവും മികവാർന്ന തരത്തിൽ ഈ സാഹിത്യോത്സവം സംഘടിപ്പിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ തിരിഞ്ഞുനോട്ടം അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സാഹിത്യകാരന്മാരായ ഗബ്രിയേൽ റോസൻ സ്റ്റോക്ക്, നജ് വാൻ ദർവിഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.