ഭാര്യവീട്ടിൽ ചെന്ന് ഭാര്യയുടെ മാതാപിതാക്കളെയും, സഹോദരിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ പുതുരുത്തി സ്വദേശി തേർമഠം വീട്ടിൽ ജോസ് മകൻ ജോൺസനെ നാലു വർഷവും ഒരു മാസവും തടവിനും, 21500/- രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂർ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഏഴുമാസവും ഒരാഴ്ചയും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴയടക്കുന്ന പക്ഷം പിഴ സംഖ്യയിൽ നിന്ന് 20,000/- രൂപ പരാതിക്കാരിക്ക് കൊടുക്കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്.
2011 ജൂലൈ പതിനേഴാം തീയതി വൈകീട്ട് നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭാര്യയെ കാണാൻ ഭാര്യ വീട്ടിൽ എത്തിയ പ്രതി ഭാര്യയുടെ മാതാപിതാക്കളുമായും സഹോദരിയുമായും വഴക്കുണ്ടാക്കുകയും മുറുക്കാൻ ഇടിക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് സഹോദരിയെ ഇടിക്കുകയും മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയുമാണ് ഉണ്ടായത്.
കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു. വടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ ആയിരുന്ന പി.പി. ജോയ് രജിസ്റ്റർ ചെയ്ത കേസ് ഡിവൈഎസ്‍പി ആയിരുന്ന കെ കെ ഇബ്രാഹിം ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. സീനിയർ സിവിൽ പോലീസ് ഓഫീസർ എം.വി. രാംകിഷോർ പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.കൃഷ്ണൻ ഹാജരായി.





