
എം. എ. സുധീർ ബാബു, പട്ടാമ്പി, കാർഷിക ജേർണലിസ്റ്റ്
വളർന്നുവരുന്ന തലമുറയെ മണ്ണിലേക്കിറക്കി കൃഷിയുമായി ബന്ധിപ്പിക്കാനുള്ള സംസ്ഥാന കൃഷി വികസന-കർഷക ക്ഷേമ വകുപ്പിൻ്റെ വേറിട്ട പദ്ധതിയാണ് ‘കൃഷിക്ക് മാർക്ക്’. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ഈ ആശയം കേരളത്തിന് അഭിമാനിക്കാവുന്നതാണ്.
ഡിജിറ്റൽ ലഹരിക്ക് പകരം കൃഷിയുടെ ലഹരി
സോഷ്യൽ മീഡിയ, ഡിജിറ്റൽ ഗെയിമുകൾ, റീൽസ് എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ സമയത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന കാലമാണിത്. ഒപ്പം ലഹരിയുടെ പിടിയും ശക്തമാകുന്നു. ‘കൃഷിയാണ് ലഹരി, കൃഷിയിലൂടെ ആരോഗ്യം’ എന്ന സന്ദേശവുമായി കുട്ടികളെ മണ്ണിലേക്കും പ്രകൃതിയിലേക്കും തിരിച്ചുകൊണ്ടുവരണം. ഇതിനായി എല്ലാ സ്കൂളുകളിലും കാർഷിക/കതിർ ക്ലബുകളും ക്ഷോണി (Soil) ക്ലബുകളും രൂപീകരിക്കണം. സ്കൂൾ തോട്ടങ്ങളിൽ പഴം, പച്ചക്കറി, പൂക്കൾ, ഔഷധസസ്യങ്ങൾ, വാഴ, കിഴങ്ങുവർഗങ്ങൾ, ചെറുധാന്യങ്ങൾ തുടങ്ങിയവ കൃഷി ചെയ്ത് കുട്ടികൾക്ക് മണ്ണിനെയും കൃഷിയെയും നേരിട്ടറിയാനുള്ള അവസരം ഒരുക്കണം.
മണ്ണറിവിലൂടെ കൃഷിയറിവ്
നെൽകൃഷിയുള്ള പ്രദേശങ്ങളിലെ കുട്ടികൾക്ക് നെൽകൃഷിയുടെ ബാലപാഠങ്ങൾ നൽകണം. അധ്യാപകരിൽനിന്ന് കൃഷി കോർഡിനേറ്ററെയും അസിസ്റ്റൻ്റ് കോർഡിനേറ്ററെയും നിയോഗിച്ച് കൃഷിഭവൻ, VFPCK, കേരള കാർഷിക സർവകലാശാല, മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ എന്നിവയുടെ സഹകരണത്തോടെ സ്കൂളുകളിൽ മാതൃകാ തോട്ടങ്ങൾ ഒരുക്കണം.
കൃഷിക്ക് മുമ്പ് മണ്ണ് പരിശോധിച്ച് ആവശ്യമായ വളം മാത്രം ഉപയോഗിക്കണം. ജൈവകൃഷി, പ്രകൃതികൃഷി, ഹോർട്ടികൾച്ചർ തുടങ്ങിയവയും പരിചയപ്പെടുത്തണം. സ്കൂൾ പരിസരത്തെ മരങ്ങളുടെ പൊതുപേര്, ശാസ്ത്രീയനാമം, കുടുംബനാമം എന്നിവ കുട്ടികൾ പഠിക്കണം.
പച്ചപ്പിലൂടെ പാഠങ്ങൾ
പ്ലാവ്, മാവ്, പേര, സപ്പോട്ട, റംബൂട്ടാൻ, മംഗോസ്റ്റീൻ തുടങ്ങിയ ഫലവൃക്ഷങ്ങൾക്കൊപ്പം അനുയോജ്യമായ തണൽമരങ്ങളും സ്കൂൾ വളപ്പിൽ നട്ടുവളർത്തണം. മണ്ണ്, ജലം, പരിസ്ഥിതി എന്നിവയുടെ പ്രാധാന്യം കുട്ടികൾക്ക് പരിചയപ്പെടുത്താൻ ചാർട്ടുകളും പുസ്തകങ്ങളും ഒരുക്കണം. വിവിധ മണ്ണിനങ്ങൾ, വിത്തുകൾ, വിളകളുടെ നടീൽസമയം, വിത്തിൻ്റെ അളവ്, രോഗ-കീടനിയന്ത്രണം, ജൈവവളങ്ങൾ തുടങ്ങിയ കൃഷിയുടെ അടിസ്ഥാന അറിവുകളും കുട്ടികൾക്ക് നൽകണം.
സാങ്കേതികവിദ്യയും പ്രകൃതിപഠനവും
ഡ്രം സീഡർ, ട്രാക്ടർ, ഡ്രോൺ തുടങ്ങിയ ആധുനിക കാർഷിക ഉപകരണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തണം. പാറോട്ടുകോണത്തെ മണ്ണ് മ്യൂസിയം ഉൾപ്പെടെയുള്ള കാർഷിക-പരിസ്ഥിതി കേന്ദ്രങ്ങളിലേക്ക് പഠനയാത്രകൾ സംഘടിപ്പിക്കാം.
മണ്ണ്, ജലം, വനം, പരിസ്ഥിതി, ഭൗമം, ജൈവവൈവിധ്യം, കൃഷി, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ദിനങ്ങൾ ബോധവൽക്കരണത്തിൻ്റെയും കൃഷിപഠനത്തിൻ്റെയും അവസരങ്ങളാക്കി മാറ്റണം.
മണ്ണിൽനിന്ന് അറിവിലേക്ക്
‘കേരള കർഷകൻ’ ഉൾപ്പെടെയുള്ള കാർഷിക പ്രസിദ്ധീകരണങ്ങൾ സ്കൂൾ ലൈബ്രറികളിലെത്തിക്കണം. കർഷകരുടെ തോട്ടങ്ങൾ സന്ദർശിച്ച് കൃഷിശാസ്ത്രവും ഹോർട്ടികൾച്ചറും നേരിട്ടറിയാനും കുട്ടികൾക്ക് അവസരമൊരുക്കണം.
വിത്തിട്ട്, മണ്ണിൽ കൈവെച്ച്, വിളവെടുത്ത് പഠിക്കുന്ന വിദ്യഭ്യാസത്തിലൂടെ കൃഷിയെ സ്നേഹിക്കുന്ന പുതിയ തലമുറയെ വളർത്തുക. അതാണ് ‘കൃഷിക്ക് മാർക്ക്’ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം.




