Education India Kerala News

മിന്നൽ പരമശിവൻ നായർ

കേരളാ പോലീസിലെ മുൻ അസി.കമ്മീഷണറും, കൊല്ലങ്കോട് ശ്രീഭദ്രകാളി ദേവസ്വം മുൻ പ്രസിഡന്റുമായിരുന്ന മിന്നൽ പരമശിവൻ നായരുടെ പതിമൂന്നാം ചരമ വാർഷികമാണ് കഴിഞ്ഞു പോയത്.

ആദ്യം ബ്രിട്ടീഷ് സൈനികനായി തുടക്കം പിന്നീട് സ്വാതന്ത്ര്യത്തിനുശേഷം കേരള പോലീസിലേക്ക് മാറുകയായിരുന്നു. ഒരു കാലത്തെ കരുത്തുറ്റ ഉദ്യോഗസ്ഥനായിരുന്ന പരമശിവൻ നായർ തിരുവനന്തപുരം ചാലക്കമ്പോളം അടക്കി ഭരിച്ചിരുന്ന ചട്ടമ്പികളെ അടിച്ചമർത്തി കൊണ്ട് തുടക്കം ആരെയും പേടിയില്ലാത്ത ഒരു പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്നു അദ്ദേഹം. അദ്ദേഹം ജോലി ചെയ്ത പല ജില്ലകളിലെയും ജനങ്ങളുടെ പേടിസ്വപ്നം ആയിരുന്ന ചട്ടമ്പികളെ എല്ലാം അദ്ദേഹം ഒതുക്കി ജനങ്ങൾക്ക് സ്വൈര്യജീവിതം സംഭാവന ചെയ്തു അക്കാലത്തെ സാമൂഹ്യ വിരുദ്ധരുടേയും കുറ്റവാളികളുടേയും പേടിസ്വപ്നമായിരുന്നു. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്ത് മിന്നൽ പോലെ പ്രത്യക്ഷപ്പെട്ട് കുറ്റവാളികൾ എത്ര വലിയ അഭ്യാസിയാണെങ്കിലും അദ്ദേഹം അവരെ കീഴടക്കുമായിരുന്നു.

പരമശിവൻ നായർക്ക് അന്ന് ലഭിച്ച ഒരു ബഹുമതിയാണ് ‘മിന്നൽ’ എന്ന അപര നാമം. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്ടിലാണ് അദ്ദേഹം ജനിച്ചു വളർന്നത്. കേരള പോലീസിലെ ശ്രദ്ധേയമായ പ്രവർത്തനത്തിനു ശേഷം വിരമിച്ച അദ്ദേഹം ആത്മീയതയിലേക്ക് മാറുകയായിരുന്നു. അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തകനായ അദ്ദേഹം ബൂട്ടിട്ടുകൊണ്ട് കുറ്റവാളികളെ വിറപ്പിച്ചിരുന്ന തിരുവനന്തപുരം നഗരത്തിന്റെ വീഥികളിലൂടെ കാവി വസ്ത്രധാരിയായി നഗ്നപാദനായി നടന്നു പോകുന്നത് എല്ലാവരും അത്ഭുതത്തോടെ നോക്കി നിൽക്കുമായിരുന്നു. കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവസ്വം റിസീവറായും, പിന്നീട് പ്രസിഡൻറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ക്ഷേത്ര പുരോഗതിക്ക് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്. ‘മിന്നൽ കഥകൾ’ എന്ന പേരിൽ തന്റെ സർവീസ് ജീവിതത്തിലെ ത്രസിപ്പിക്കുന്ന അനുഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആത്മകഥ അദ്ദേഹം എഴുതിയിട്ടുണ്ട്. 2014-ൽ ഡി.സി ബുക്സ് ഈ പുസ്തകം പ്രസദ്ധീകരിച്ചു. എന്നാൽ പുസ്തകം പുറത്തിറങ്ങുന്നതിന് മുൻപ് 2013 സെപ്തംബർ 23ന് മിന്നൽ പരമശിവൻ നായർ ഇഹലോകവാസം വെടിഞ്ഞു. ഔദ്യോഗിക ജീവിതത്തിനു പുറമേ സാമൂഹ്യ സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച് അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഗണേശോത്സവം ട്രസ്റ്റ് മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള ‘മിന്നൽ പരമശിവൻ നായർ പുരസ്കാരം’ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *