Business Court India Kerala Law News

മൊബൈൽ ഫോണിൻ്റെ തകരാർ ശരിയാക്കിയില്ല; 92,900 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

മൊബൈൽ ഫോണിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മൂർക്കനിക്കര സ്വദേശി വടക്കൂട്ട് വീട്ടിൽ സുരേഷ്.വി.ആർ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സാംസങ്ങ് ടി വി എസ് ഇലക്ട്രോണിക്സ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ന്യൂഡെൽഹിയിലെ സാംസങ്ങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും വിധിയായത്.

സുരേഷ് 67900 രൂപ നൽകിയാണ് മൊബൈൽ ഫോൺ വാങ്ങി. ഫോൺ ഉപയോഗിച്ചു വരവെ ബാറ്ററിയിൽ ചാർജ് നിൽക്കാത്ത അവസ്ഥ ഉണ്ടായി. പരാതിപ്പെട്ടപ്പോൾ ഫോൺ എതിർകക്ഷികൾ വാങ്ങിവെക്കുകയായിരുന്നു. തുടർന്ന് വിളിച്ച് ചോദിച്ചപ്പോൾ മദർ ബോർഡും ബാറ്ററിയും മാറ്റി എന്ന് അറിയിച്ചു. എന്നാൽ ഇക്കാര്യം സുരേഷിനെ അറിയിച്ചിരുന്നില്ല. ഇതിനുപുറമെ മൊബൈൽ ഫോൺ ഹർജിക്കാരന് തിരിച്ചു നൽകിയതുമില്ല.

ഹരജിക്കാരന് ഫോൺ തിരിച്ചു നൽകിയെന്ന വാദം എതിർകക്ഷികൾ ഉയർത്തിയെങ്കിലും തെളിയിക്കാനായില്ല. എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് മൊബൈൽ ഫോണിൻ്റെ വിലയായ 67900 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 20000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറച്ചെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *