ഇരിങ്ങാലക്കുട: നഗരസഭയുടെ ഹൃദയ ഭാഗത്ത് മുനിസിപ്പല്‍ ഓഫീസിന് സമീപത്ത് പുതിയതായി നിര്‍മ്മിച്ച ഷീ ലോഡ്ജ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പ്പിച്ചു. നഗരസഭയുടെ വികസന വഴികളില്‍ ഒരു രജത രേഖയാണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഷീ ലോഡ്ജ്. സ്ത്രീശാക്തീകരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഷീ ലോഡ്ജ് ഏറെ ഉപകാരപ്രദമാണ്. വളരെ സുരക്ഷിതമായി സ്ത്രീകള്‍ക്ക് താമസം ഉറപ്പിക്കാന്‍ ഷീ ലോഡ്ജിലൂടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്കായി പ്രവര്‍ത്തിച്ചവരെ ചടങ്ങില്‍ മന്ത്രി അഭിനന്ദിച്ചു.
ഷീ ലോഡ്ജ് കെട്ടിടത്തിന് ആധുനിക സൗകര്യങ്ങളോടു കൂടി 2 നിലകളിലായി അറ്റാച്ചഡ് ബാത്ത്‌റും സൗകര്യമുള്ള 20 മുറികളാണുള്ളത്. ഇതില്‍ 3 കിടക്കകളുള്ള 2 റൂമുകളും രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണുള്ളത്. 1034 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 320 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള നാല് കടമുറികളും ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളും ഈ ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ്.